കട്ടക്ക് : സൈബർ തട്ടിപ്പ് കേസുകൾ രാജ്യത്ത് പെരുകുന്നതിനിടെ ഏഴംഗ സംഘം ബീഹാറിൽ അറസ്റ്റിൽ. ഇവരിൽ നിന്നും പതിനാറായിരം സിം കാർഡുകൾ പൊലീസ് കണ്ടെടുത്തു. ഇതിന് പുറമേ നൂറ് കണക്കിന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് സംഘം സിം കാർഡുകൾ പ്രവർത്തിപ്പിച്ചിരുന്നത്. അറസ്റ്റിലായ ഏഴു പേരിൽ രണ്ടു പേർ പ്രീ ആക്റ്റിവേറ്റഡ് സിമ്മുകൾ നിർമ്മിച്ച് നൽകുന്നവരാണ്. ഭുവനേശ്വർ കട്ടക്ക് പൊലീസ് കമീഷണർ എസ്‌കെ പ്രിയദർശിനാണ് വൻ സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടിയതായി അറിയിച്ചത്.
പ്രീ ആക്റ്റിവേറ്റഡ് സിമ്മുകൾ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ നടത്തിയാൽ പൊലീസിന് ട്രാക്ക് ചെയ്യുവാൻ പ്രയാസമാണ്. സാധാരണ ഗതിയിൽ മൊബൈൽ സേവന ദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ ലഭിച്ചാൽ മാത്രമേ സിം ആക്ടിവേറ്റ് ചെയ്ത് നൽകാറുള്ളു. എന്നാൽ പ്രീ ആക്റ്റിവേറ്റഡ് സിമ്മുകൾ ഉപയോഗിക്കുമ്പോൾ കുറ്റവാളികൾക്ക് പിടികൂടില്ല എന്ന വിശ്വാസം വർദ്ധിക്കും. രാജ്യത്ത് അടുത്തിടെ ഓൺലൈൻ തട്ടിപ്പ് കേസുകൾ കുത്തനെ ഉയരുകയാണ്. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019ൽ മുൻവർഷത്തെ അപേക്ഷിച്ച് 63.5 ശതമാനമാണ് സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധന.