sudhakaran

തിരുവനന്തപുരം: മനുഷ്യത്വത്തിന്‍റെ പേരിൽ സംസ്ഥാനത്ത് നടത്താനിരിക്കുന്ന പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ മാത്രം കൊവിഡ് കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുകയാണെന്ന് സുധാകരൻ ആരോപിച്ചു. .

വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് സർക്കാർ വ്യക്തമാക്കണം. പരീക്ഷാനടത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകാനുളള സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. സ്വര്‍ണകവര്‍ച്ച, ക്വട്ടേഷന്‍ എന്നിവയൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സി പി എമ്മിന് സാധിക്കുമോ. കണ്ണൂര്‍ ജയിലില്‍ കൊടിസുനിയാണ് ജയില്‍ സൂപ്രണ്ട്. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരന്‍ പരിഹസിച്ചു.

സ്വപ്‌നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിച്ചു.