
കൊല്ലം : വിസ്മയയുടെ ദുരൂഹ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺകുമാറിനെ നിലമേലിലെ വിസ്മയയുടെ കുടുംബ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നത് അവസാന നിമിഷം പൊലീസ് മാറ്റിവച്ചു. കേസിലെ പ്രതി കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്.

അതേസമയം കിരണിനെ വിസ്മയയുടെ കുടുംബ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുമെന്നറിഞ്ഞ് വീട്ടമ്മമാർ അടക്കം നൂറുകണക്കിനാളുകളാണ് റോഡരുകിൽ തടിച്ചു കൂടിയത്. ചില വീട്ടമ്മമാർ കൈയ്യിൽ ചൂലും കൊണ്ടാണ് പ്രതിഷേധിക്കുവാൻ എത്തിയത്. ഇന്ന് കിരണിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നുവെങ്കിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് കഠിനമായി അദ്ധ്വാനിക്കേണ്ടി വന്നേനെ. കൊവിഡ് സാഹചര്യത്തിൽ ഇത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമായിരുന്നു.

കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്മയ തൂങ്ങിമരിച്ച വീട്ടിലും കിരൺകുമാറിനെ എത്തിച്ച് തെളിവെടുത്തിരുന്നു. വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയിൽ കിരൺകുമാറിന്റെ സാന്നിദ്ധ്യത്തിൽ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പോരുവഴിയിലെ ബാങ്ക് ലോക്കറിൽ നിന്നും വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവനും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

