uthra-murder-case

കൊല്ലം: അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകന്റെ പേര് മാറ്റി. കുട്ടിയുടെ പിതാവും വീട്ടുകാരും ഇട്ട ധ്രൂവ് എന്ന പേരാണ് ഉത്രയുടെ ബന്ധുക്കൾ മാറ്റിയത്. ആർജവ് എന്നാണ് അവന്റെ പുതിയ പേര്. ഈ പേര് നൽകാനുണ്ടായ കാരണവും ഉത്രയുടെ പിതാവ് വിജയസേനൻ വെളിപ്പെടുത്തി.


ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് പേരക്കുട്ടിയ്ക്ക് ആർജവ് എന്ന പേര് നൽകിയതെന്ന് വിജയസേനൻ പറഞ്ഞു. ഉത്രയുടെ സ്വത്തിൽ അവകാശം ഉന്നയിക്കാനായി മുൻപ് കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർ കൊണ്ടുപോയിരുന്നു. എന്നാൽ ശിശുക്ഷേമ സമിതി ഇടപെട്ട് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് നൽകി.

അമ്മയില്ലാത്തതിന്റെ യാതൊരു കുറവും അറിയാതെ മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും, മാമൻ വിഷ്ണുവിന്റെയും പൊന്നോമനയായി അവൻ വളരുന്നു. ഉത്രയുടെ ചിത്രത്തിന് മുന്നിൽ പോയി തൊഴുത് ഉമ്മ കൊടുത്ത ശേഷമാണ് കുട്ടിയുടെ ഒരോ ദിവസവും ആരംഭിക്കുന്നത്.

കഴിഞ്ഞ വർഷം മേയ് ഏഴിനാണ് ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. ആദ്യം സ്വാഭാവിക മരണമാണെന്ന് കരുതിയെങ്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. അന്ന് ഒരു വയസ് മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം.