തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുളള ചുരുക്ക പട്ടികയിൽ തന്നെ അനിൽകാന്തെത്തുന്നത് അപ്രതീക്ഷിതമായാണ്. അതുകൊണ്ടുതന്നെയാണ് അനിൽ കാന്തിനെ പൊലീസ് മേധാവിയാക്കി കൊണ്ടുളള മന്ത്രിസഭായോഗത്തിലെ തീരുമാനത്തിന് പിന്നാലെ തന്‍റെ വീട്ടിലേക്കെത്തിയ മാദ്ധ്യമപ്രവർത്തകരോട് സർക്കാർ തീരുമാനം അപ്രതീക്ഷിതമെന്ന് അനിൽ കാന്ത് പ്രതികരിച്ചത്.
അരുണ്‍ കുമാർ സിൻഹ, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ, ബി സന്ധ്യ എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന സർക്കാരിന്‍റെ പ്രഥമ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ നിലവിൽ കേന്ദ്രസർവീസിലുള്ള അരുണ്‍ കുമാർ സിൻഹ കേരളത്തിലേക്ക് മടങ്ങി വരാൻ താത്പര്യമില്ലെന്ന് യു പി എസ് സിയെ അറിയിച്ചു. ശേഷിച്ചവരിൽ തച്ചങ്കരിയുടെ പേര് വെട്ടിയതോടെയാണ് അനിൽകാന്ത് പട്ടികയിൽ ഇടം നേടുന്നത്.
പൊലീസ് മേധാവിയായി അനില്‍ കാന്തിന്‍റെ പേര് ഇന്നു ചേർന്ന മന്ത്രിസഭായോഗത്തില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്തിയുടെ നിര്‍ദേശം മന്ത്രിസഭായോഗം ഏകകണ്‌ഠമായി അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന. യു പി എസ് സി സമർപ്പിച്ച ചുരുക്ക പട്ടികയിൽ നിന്നാണ് സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരെ തഴഞ്ഞ് മുഖ്യമന്ത്രി അനിൽ കാന്തിന്‍റെ പേര് മുന്നോട്ടുവച്ചത്.
വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. അനില്‍ കാന്ത് സേനയ്‌ക്കും രാഷ്‌ട്രീയ നേതൃത്വത്തിനും പൊതു സ്വീകാര്യനാണ് എന്നതും കണക്കിലെടുത്തു. അടുത്ത ജനുവരിയില്‍ സര്‍വീസ് തീരുന്ന അനില്‍ കാന്തിന്‍റെ കാലാവധി തീരുമാനിച്ചിട്ടില്ല. പൊലീസ് മേധാവി എന്ന നിലയില്‍ അദ്ദേഹത്തിന് 2023 മേയ് വരെ സര്‍വീസ് നീട്ടിനല്‍കുമെന്ന് സൂചനകളുണ്ട്. നിലവില്‍ എ ഡി ജി പി റാങ്കിലുളള അനില്‍ കാന്തിന് അടുത്ത മാസം ഋഷിരാജ് സിംഗ് വിരമിക്കുന്ന വേളയിൽ ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിക്കും.
പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രിയോട് നന്ദി പറയുന്നതായി അനില്‍ കാന്ത് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയായിരിക്കും പ്രവര്‍ത്തനമെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌നാഥ് ബെഹ്റ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് മേധാവിയാണ്. അദ്ദേഹം ചെയ്‌ത നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് അനില്‍ കാന്ത് പറഞ്ഞു.
1998 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. അമ്പത്തിയൊമ്പതുകാരനായ അദ്ദേഹം ഡല്‍ഹി സ്വദേശിയാണ്. പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യത്തെയാള്‍ എന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലന്‍സ് ഡയറക്‌ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.