serena

ലണ്ടൻ: 24-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡണിനെത്തിയ സെറീന വില്ല്യംസ് ആദ്യറൗണ്ട് മത്സരത്തിനിടെ തെന്നിവീണ് പരിക്കേറ്റതിനെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറി. ബെലറൂസിന്റെ അലക്സാൻഡിയ സസ്നോവിച്ചിനെതിരെ ആദ്യസെറ്റിൽ 3-2ന് മുന്നിട്ട് നിൽക്കവേയാണ് സെറീനയ്ക്ക് വീഴ്ചയിൽ കണങ്കാലിന് പരിക്കേറ്റത്. ഇടവേളയെടുത്ത് തിരിച്ചുവന്നെങ്കിലും പരിക്ക് അലട്ടി. സസ്നോവിച്ച് മത്സരം 3-3ൽ എത്തിച്ചു. അടുത്ത സെർവിനായി ഒരുങ്ങുന്നതിനിടെ വേദന സഹിക്കാനാകാതെ സെറീന കരഞ്ഞു. പിന്നാലെ പിന്മാറുന്നതായി അറിയിച്ചു.

ഇതോടെ ഇതിഹാസ താരം മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ലാമുകൾ എന്ന റെക്കോഡിലേക്കെത്താൻ 39-കാരിയായ സെറീനക്ക് ഇനിയും കാത്തിരിക്കണം.വിംബിൾഡണിൽ ഇത് രണ്ടാമത്തെ താരമാണ് മത്സരത്തിനിടെ തെന്നിവീഴുന്നത്. കഴിഞ്ഞ ദിവസം മഴയെ തുടർന്ന് ഫ്രഞ്ച് താരം അഡ്രിയാൻ മനാരിനോയും വീണിരുന്നു. ഇതിന് പിന്നാലെ വിംബിൾഡണിലെ തെന്നിവീഴുന്ന കോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് താരം ആൻഡി മറേ രംഗത്തെത്തി.

ഫെഡററർ രക്ഷപെട്ടു

വിംബിൾഡൺ ആദ്യ റൗണ്ടിൽ തനിക്ക് ക‌ടുത്ത വെല്ലവിളി സൃഷ്ടിച്ച അഡ്രിയാൻ മന്നാരിനോ പരിക്കേറ്റ് മടങ്ങിയതോടെ റോജർ ഫെഡറർക്ക് ആശ്വാസം. ആദ്യ സെറ്റ് നേടിയ ഫെഡററെ തുടർന്നുള്ള രണ്ടുസെറ്റുകളിൽ കീഴടക്കി മന്നാരിനോ ഞെട്ടിച്ചിരുന്നു. തുടർന്ന് മന്നാരിനോ ഗ്രൗണ്ടിൽ വീണ്പരിക്കേറ്റതോടെ ഫെഡറർ നാലാം സെറ്റ് സ്വന്തമാക്കി. എന്നാൽ തുടർന്ന് കളിക്കാൻ കഴിയാതെ മന്നാരിനോ കളം വിടുകയായിരുന്നു.