ശ്രീനഗർ: സിക്ക് വിഭാഗത്തിലുള്ള രണ്ട് യുവതികളെ ബലമായി മതം മാറ്റി വിവാഹം കഴിപ്പിച്ചെന്ന വാർത്തകൾക്കു പിറകേ ലൗ ജിഹാദ് നിയമം കാശ്മീരിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരിലെ സിക്ക് വിഭാഗം രംഗത്തു വന്നു. കാശ്മീരിൽ നിന്നും രണ്ട് സിക്ക് യുവതികളെ ബലം പ്രയോഗിച്ച് മുസ്ലീം മതത്തിലേക്ക് മാറ്റുകയും പ്രായമായവരുമായി അവരുടെ വിവാഹം നടത്തിച്ചതും വിവാദമായിരുന്നു. ഇതിനെതുടർന്ന് ഒരു പെൺകുട്ടിയെ മടക്കി കൊണ്ടുവരുകയും സിക്ക് സമുദായത്തിലുള്ള യുവാവുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു.
കാശ്മീരിൽ സിക്ക് യുവതികൾ സുരക്ഷിതരല്ലെന്നും യു പിയിലും ഹരിയാനയിലും ഉളളതുപോലെ ശക്തമായ ലൗ ജിഹാദ് നിയമങ്ങൾ കശ്മീരിലും നടപ്പിലാക്കണമെന്ന് സിക്ക് സമുദായം ആവശ്യപ്പെട്ടു. അതേസമയം കാണാതായ രണ്ടാമത്തെ പെൺകുട്ടിക്കു വേണ്ടിയുളള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം മാത്രം നാല് സിക്ക് പെൺകുട്ടികളെ ബലമായി മുസ്ലീം മതത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സിക്ക് മതവിഭാഗത്തിന്റെ സംഘടനയായ അകാൽ തഖ്ത് നേതാവ് ജിയാനി ഹർപ്രീത് സിംഗ് പറഞ്ഞു. മറ്റ് മതസമുദായത്തിലുളളവരെ വിവാഹം ചെയ്യുന്നത് സിക്ക് സമുദായത്തിൽ അനുവദനീയമല്ല.
മടക്കികൊണ്ടു വന്ന പെൺകുട്ടിയേയും ഭർത്താവിനെയും അകാൽ തഖ്ത് പ്രവർത്തകർ ഡൽഹിയിലേക്ക് കൊണ്ടു വന്നു. യുവതിയും ഭർത്താവും ഇനി കാശ്മീരിൽ സുരക്ഷിതരല്ലെന്നും അതിനാലാണ് അവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നതെന്ന് അവർ പറഞ്ഞു. പെൺകുട്ടിയുടെ ഭർത്താവിന് ഡൽഹി സിക്ക് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ജോലി നൽകുമെന്നും അവർ അറിയിച്ചു.