anti-drone-

ന്യൂഡൽഹി : ജമ്മുവിൽ ഇന്ത്യൻ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ ഭീകരർ കഴിഞ്ഞ ഞായറാഴ്ച ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ നിർമ്മിതമായ ആന്റി ഡ്രോൺ സംവിധാനം ഇന്ത്യ സ്വന്തമാക്കണമെന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപേ ഇന്ത്യ തദ്ദേശീയമായി ആന്റിഡ്രോൺ സംവിധാനം നിർമ്മിച്ചിട്ടുണ്ട്. വി ഐ പി സുരക്ഷയ്ക്കായി ഡി ആർ ഡി ഒയാണ് ഈ ഉപകരണം നിർമ്മിച്ചത്.

2020ൽ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്ത വിവിഐപികളുടെ സുരക്ഷയ്ക്കായാണ് ആദ്യമായി ഡി ആർ ഡി ഒ നിർമ്മിച്ച ആന്റിഡ്രോൺ സംവിധാനം ഉപയോഗിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിൽ ആകാശത്തിന്റെ കാവൽ ഏറ്റെടുത്ത ഈ കുഞ്ഞൻ ഉപകരണത്തിന്റെ മേൻമകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിലെ പരിപാടിക്കും ഇതേ സംവിധാനമാണ് സുരക്ഷയ്ക്കായി ഇന്ത്യ ഒരുക്കിയത്. ജമ്മുവിലെ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വി ഐ പി സുരക്ഷയ്ക്ക് പുറമേ സൈനിക മേഖലയിലും ഡി ആർ ഡി ഒയുടെ ആന്റിഡ്രോൺ സംവിധാനം ഉപയോഗിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഡി ആർ ഡി ഒ വികസിപ്പിച്ച ആന്റിഡ്രോൺ സംവിധാനത്തിന് ലേസർ ഉപയോഗിച്ച് ഡ്രോണുകൾ കണ്ടെത്താനും നശിപ്പിക്കാനും കഴിയും. മൂന്ന് കിലോമീറ്റർ വരെ മൈക്രോ ഡ്രോണുകൾ കണ്ടെത്താനും ജാം ചെയ്യാനും ഇതിനാകും.