yyy

വാഷിംഗ്ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള അൽഫ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് യു.എസ് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത്. കോവാക്സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആൽഫ വകഭേദമായ ആ.1.1.7, ഡെൽറ്റ വകഭേദമായ ആ.1.617 എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ശക്തമായ ആന്റിബോഡികൾ കൊവാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് പഠനഫല
ങ്ങൾ തെളിയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ കൊവാക്സിൻ 77.8 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ പറയുന്നത്.

ലക്ഷണമില്ലാത്തവരിൽ 70% ഫലപ്രാപ്തിയാണ് കൊവാക്സിൻ നല്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഉപയോഗത്തിന് അനുമതി നല്കിയ രണ്ട് വാക്സിനുകളാണ് കൊവാക്സിനും കൊവിഷീൽഡും.

ഇന്ത്യയിൽ ഇതുവരെ രണ്ടരക്കോടിയോളം പേർക്ക് കൊവാക്സിൻ ഡോസുകൾ നൽകിയതായാണ് റിപ്പോർട്ടുകൾ.

ആൽഫ വകഭേദം യു.കെയിലും ഡെൽറ്റ വകഭേദം ഇന്ത്യയിലുമാണ് ആദ്യമായി കണ്ടെത്തിയത്.

അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.67 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് അറുപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ബ്രസീലിലെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എൺപത്തിയഞ്ച് ലക്ഷം പിന്നിട്ടു. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 37,566 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

വാക്സിൻ പാസ്‌പോർട്ട് വിഷയത്തിൽ കൊവിഷീൽഡിനെ ഉൾപ്പെടുത്തണമോയെന്ന് അംഗരാജ്യങ്ങൾക്ക് തീരുമാനിക്കാം : യൂറോപ്യൻ യൂണിയൻ

കൊവിഷീൽഡ് ഉൾപ്പെടെയുള്ള വാക്സിനുകൾക്ക് ഗ്രീൻ പാസ് നല്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് യൂറോപ്യൻ യൂണിയൻ. ഇന്ത്യയിൽ അംഗീകാരമുള്ള പ്രമുഖ വാക്സിനായ കൊവിഷീൽഡിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ കൊവിഷീൽഡിന് യൂറോപ്പിൽ തടസമില്ലാത്ത സഞ്ചാരം അനുവദിക്കുന്ന വാക്സിൻ പാസ്‌പോർട്ടിനായുള്ള ഗ്രീൻ പാസ് ലഭിച്ചിട്ടില്ല. ഇത് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന വ്യാപക പരാതികൾ ഉയരുന്നുണ്ട്. അസ്ട്രാസെനകയും ഓക്സ്ഫഡ് സർവകലാശാലയും വികസിപ്പിച്ച കൊവിഷീൽഡിന്റെ നിർമ്മാണ ചുമതല ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റിയൂട്ടിനാണ്. ഇതേ വാക്സിൻ യൂറോപ്പിൽ വാക്‌സെവിരിയ എന്ന പേരിലാണ് വിതരണം ചെയ്യുന്നത്. വാക്സ്‌നെവിരയ്ക്ക് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരമുണ്ട്. വിഷയം വളരെ സങ്കീർണമാണെന്നും ഇതിന് ഉടൻ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാർ പൂനാവാല പറഞ്ഞു.