sudhakaran

​​​​തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്‌‌ണന്‍ എം എല്‍ എക്കെതിരായ വധഭീഷണി ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വധഭീഷണിക്ക് പിന്നില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെന്ന് സംശയമുണ്ട്. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

തിരുവഞ്ചൂരിനോട് വിരോധമുള്ള ക്രിമിനലുകളാണ് ഊമക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ടിപി കേസ് പ്രതികളെ ജയിലിലടച്ചത്. ജയിലിലുള്ള ടി പി കേസ് പ്രതികൾക്കാണ് തിരുവഞ്ചൂരിനോട് വിരോധമുള്ളത്. ജയിലിലിരുന്ന് പുറത്തുള്ള എല്ലാവിധ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് അവരാണെന്നും സതീശൻ പറഞ്ഞു.

മുന്‍ ആഭ്യന്തരമന്ത്രിക്ക് പോലും ഊമക്കത്ത് അയക്കാന്‍ ധൈര്യപ്പെടുന്ന തരത്തില്‍ സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ, ഏജീസ് ഓഫീസിലെ ജീവനക്കാരെ ആക്രമച്ചിട്ട് പോലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തിരുവഞ്ചൂരിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും വി ഡി സതീശന്‍ പറഞ്ഞു.

തിരുവഞ്ചൂരിനേയും ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ക്രിമിനലുകള്‍ അല്ലാതെ സര്‍വോദയക്കാര്‍ പറയുമോയെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്‍ ചോദിച്ചു. നിങ്ങളെന്‍റെ ജീവിതം കളഞ്ഞു, കല്‍ത്തുറുങ്കിലാക്കി എന്നെല്ലാം കത്തില്‍ പറയുന്നുണ്ട്. കത്തിന്‍റെ പിന്നില്‍ ആരെന്ന് കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.