ഇസ്ലാമാബാദ് : ഇതുവരെയും ഇസ്രായേലിന്റെ പരമാധികാരത്തെ അംഗീകരിക്കുകയോ, ആ രാജ്യവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുവാനോ തയ്യാറാവാത്ത രാജ്യമാണ് പാകിസ്ഥാൻ. അടുത്തിടെ ചില ഗൾഫ് രാജ്യങ്ങൾ ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിച്ചപ്പോഴും വിമർശനവുമായി മുന്നിൽ പാകിസ്ഥാനുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നവംബറിൽ പാക് പ്രധാനമന്ത്രി തന്റെ വിശ്വസ്തനായ സുൽഫി ബുഖാരിയെ ഇസ്രായേലിലേക്ക് പ്രത്യേക ദൗത്യവുമായി അയച്ചു എന്നാണ്. ഒരു ഇസ്രായേലി പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. രഹസ്യമായി ലണ്ടൻ വഴിയാണ് ഇസ്രായേൽ സന്ദർശിക്കാനാണ് ഇമ്രാൻ ഖാൻ തന്റെ വിശ്വസ്തനെ അയച്ചത്.
അതേസമയം സംഭവം വിവാദമായതോടെ സുൽഫി ബുഖാരി സംഭവം നിഷേധിച്ചിട്ടുണ്ട്. താൻ ഇസ്രയേൽ സന്ദർശിച്ചിട്ടേ ഇല്ല എന്നാണ് ട്വിറ്ററിലൂടെ ബുഖാരി വെളിപ്പെടുത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രി, കരസേന മേധാവി ഖമർ ജാവേദ് ബജ്വ എന്നിവരുടെ സന്ദേശങ്ങളുമായിട്ടാണ് സുൽഫി ബുഖാരി ഇസ്രയേലിന്റെ മണ്ണിലിറങ്ങിയതെന്നാണ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അവിടെ വച്ച് പ്രത്യേക ദൂതൻ ഇസ്രയേലി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായും ടെൽ അവീവിലെ മൊസാദ് ഡയറക്ടർ യോസി കോഹനുമായും കൂടിക്കാഴ്ച നടത്തിയതായും പത്രം അവകാശപ്പെടുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം ഇസ്രയേൽ വച്ചു പുലർത്തുന്നതിൽ പാകിസ്ഥാൻ അസഹിഷ്ണുതയുണ്ട്. പരസ്യമായി ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചാൽ പാകിസ്ഥാനിൽ നിന്നും കടുത്ത എതിർപ്പ് ഉയരുമെന്നും പാക് സർക്കാരിന് അറിയാം. അതിനാലാവും രഹസ്യ ദൗത്യത്തിന് പുറപ്പെട്ടത്.
എന്നാൽ അടുത്തിടെ ഹമാസ് തീവ്രവാദികളുമായി ഇസ്രായേൽ സൈന്യം ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ നിശിതമായി ഇസ്രായേലിനെ വിമർശിച്ചിരുന്നു. മാനവികതയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു എന്നാണ് പാകിസ്ഥാൻ ഭരണകൂടം പ്രസ്താവന പുറപ്പെടുവിച്ചത്. ഇതിൽ നിന്നും ഇമ്രാൻ ഖാന്റെ രഹസ്യ ദൗത്യം പരാജയമായിരുന്നു എന്നും കണക്കാക്കുന്നവരുണ്ട്.