covaxin

ന്യൂഡൽഹി: ഒട്ടനവധി ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നതിനാൽ കൊവാക്സിൻ ഓർഡറുകൾ പിൻവലിക്കുന്നതായുളള ബ്രസീലിന്റെ പ്രസ്താവനയെ തുടർന്ന് തങ്ങൾക്ക് മുൻക്കൂറായി പണം ലഭിച്ചിട്ടില്ലെന്നും ബ്രസീലിലേക്ക് കൊവാക്സിൻ അയച്ചിട്ടില്ലെന്നും ഭാരത് ബയോടെക്ക് അധികൃതർ വ്യക്തമാക്കി.

ബ്രസീലുമായി എട്ടു മാസത്തോളം ചർച്ചകൾ നടത്തിയിരുന്നു എങ്കിലും പടിപടിയായാണ് ഓരോ തീരുമാനങ്ങളും കൈക്കൊണ്ടതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ജൂൺ നാലിനാണ് ഭാരത് ബയോടെക്കിന് കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്നത്. അന്ന് തന്നെ 15 മുതൽ 20 യു എസ് ഡോളറിന് വിദേശ രാജ്യങ്ങൾക്ക് മരുന്ന് നൽകാനുള്ള അനുമതിയും കമ്പനിക്ക് ലഭിച്ചിരുന്നു. ഡോസിന് 20 യു എസ് ഡോളർ എന്ന നിരക്കിലാണ് ബ്രസീൽ കൊവാക്സിൻ വാങ്ങാൻ സമ്മതിച്ചത്. 324 മില്ല്യൺ യു എസ് ഡോളർ നിരക്കിൽ 20 മില്ല്യൺ കൊവാക്സിൻ ഡോസുകൾ ആണ് ബ്രസീൽ ഭാരത് ബയോടെക്കിൽ നിന്ന് വാങ്ങാൻ പദ്ധതിയിട്ടിരുന്നത്.

ബ്രസീലിൽ തന്നെയുള്ള നീഡ് മെഡിസിൻ എന്ന കമ്പനിയാണ് ബ്രസീൽ സർക്കാരും ഭാരത് ബയോടെക്കുമായുള്ള കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചത്. ഇരുകൂട്ടരും ഫെബ്രുവരിയിൽ തന്നെ കരാറിൽ ഒപ്പുവച്ചെങ്കിലും ബ്രസീലിന്റെ നാഷണൽ ഹെൽത്ത് സർവെയിലൻസ് ഏജൻസി, വാക്സിനുകൾ ഇറക്കുമതി ചെയ്യാനുള്ള അനുമതി നിരസിക്കുകയായിരുന്നു. ഇറക്കുമതിക്കുള്ള അനുമതി ലഭിക്കാത്തതിനാൽ വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ബ്രസീലിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നില്ല.