koodamkulam-

കൂടങ്കുളം : ഇന്ത്യ റഷ്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന കൂടംങ്കുളം ആണവ റിയാക്ടറിന്റെ അഞ്ചാമത്തെ യൂണിറ്റിന്റെ പ്രവർത്തനം ചൊവ്വാഴ്ച ആരംഭിച്ചു. റഷ്യയുടെ റോസാറ്റോം സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് നിർമ്മാണം നടക്കുന്നത്. കൊവിഡ് കാരണം നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നത്.

തുടക്കം മുതൽ എതിർപ്പുകൾ
കൂടംങ്കുളത്ത് റഷ്യൻ സഹകരണത്തോടെ ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് തുടക്കം മുതൽ എതിർപ്പുകൾ ശക്തമായിരുന്നു. കടലോരത്തെ ആയിരക്കണക്കിന് ആളുകളെ അണിനിരത്തിയ സമര വേലിയേറ്റങ്ങൾക്ക് സാമ്പത്തിക സഹായം വിദേശത്ത് നിന്നും ലഭിക്കുന്നതായി ആരോപണമുയർന്നിരുന്നു. യു പി എ സർക്കാരിന്റെ കാലത്താണ് സമരങ്ങൾ ഏറെയും ഉണ്ടായത്. എന്നാൽ സമരങ്ങളുടെ തീവ്രത കണക്കിലെടുക്കാതെ കേന്ദ്രം നിർമാണവുമായി മുന്നോട്ട് പോവുകയായിരുന്നു. തമിഴ്നാട് സർക്കാരും ഇക്കാര്യത്തിൽ കേന്ദ്രത്തിന് ശക്തമായ പിന്തുണയാണ് നൽകിയത്. വ്യവസായ ശാലകൾക്കടക്കം വൈദ്യുതി ക്ഷാമത്താൽ പ്രതിസന്ധി നേരിട്ട തമിഴ്നാട് സർക്കാർ കൂടങ്കുളത്തെ അവസരമായിട്ടാണ് കണ്ടിരുന്നത്.

നിർമ്മിക്കുന്നത് 12യൂണിറ്റുകൾ

കൂടങ്കുളത്ത് 12 യൂണിറ്റുകൾ നിർമ്മിക്കുവാനാണ് ഇന്ത്യയും റഷ്യയും ധാരണയായിട്ടുളളത്. 1988 ലാണ് ഇരു രാജ്യവും കൂടങ്കുളത്ത് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് പ്രാഥമിക കരാറിൽ ഏർപ്പെടുന്നത്. 2013 ലാണ് ആദ്യ യൂണിറ്റിനെ ഗ്രിഡുമായി ബന്ധിക്കുന്നത്. രണ്ടാം യൂണിറ്റ് 2016 ഓഗസ്റ്റിൽ ഗ്രിഡുമായി ബന്ധിപ്പിച്ചു. മൂന്ന്, നാല് യൂണിറ്റുകളുടെ നിർമ്മാണം അമ്പത് ശതമാനം പൂർത്തിയായിരിക്കുകയാണ്.

ഇന്ത്യൻ ശാസ്ത്രജ്ഞർക്കൊപ്പം റഷ്യൻ ശാസ്ത്രജ്ഞരും റിയാക്ടർ നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നുണ്ട്. ഇവർക്കായി റഷ്യയിൽ നിന്നും സ്ഫുട്നിക് വാക്സിനുമായി ഡോക്ടർമാർ തിരുവനന്തപുരത്ത് എത്തിയത് അടുത്തിടെ വാർത്തയായിരുന്നു.