threat

തിരുവനന്തപുരം: ഭീഷണികത്ത് വിവാദത്തിൽ വസ്‌തുതകൾ വെളിപ്പെടുത്തി ഫേസ്‌ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്‌ണൻ. പത്ത് ദിവസത്തിനകം കേരളം വിടണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ച് പിതാവ് തന്നെ വിളിച്ചതായും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായും അർജുൻ പറയുന്നു.

കത്തിലെ ഭാഷ മലബാർ സ്‌റ്റൈലിലാണെന്നും കത്തിന്റെ ഉള‌ളടക്കം അച്ഛൻ പറഞ്ഞപ്പോഴേ അത് ടി.പി വധക്കേസ് പ്രതികളാരെങ്കിലും എഴുതിയതാകുമെന്ന് മനസിലായതായും അർജുൻ പറയുന്നു. ധാർമ്മികമായും നിയമപരമായും സത്യസന്ധമായ നിലപാട് സ്വീകരിച്ച് തന്നെ ഇനിയും മുന്നോട്ട് പോകുമെന്നും പോസ്‌റ്റിൽ അർജുൻ പറയുന്നു.

അർജുൻ രാധാകൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛൻ എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുൻപ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛൻ തിരിച്ചു പോകുകയാണ് എന്ന് പറയാൻ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്.
എന്നാൽ ഫോണിലൂടെ എന്നോട് പറഞ്ഞു 'മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാൻ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാർ സ്‌റ്റൈലിലാണ്.' കൂടാതെ കത്തിന്റെ ഉള്ളടക്കം കൂടി അച്ഛൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി അത് ടി.പി കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കും എന്ന്.


കത്ത് എഴുതിയത് ആരായാലും അവർ ഈ കുറിപ്പ് വായിക്കുമെങ്കിൽ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛൻ പൊതുപ്രവർത്തനരംഗത്ത് നിന്ന് പ്രവർത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർത്ഥതായോടെ യും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കിൽ തനിക്ക് ആ ചുമതല നൽകിയ പാർട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ് .


ഇത്തരം ഭീഷണി കത്തുകൾ ടി.പി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് . അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ. ഇനിയും അച്ഛൻ morally& legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടാകും.