തായ്‌പെയ്: ജൂഡോ കോച്ച് തുടർച്ചയായി 27 തവണ നിലത്തെറിഞ്ഞതിനെ തായ്വാനിൽ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കോച്ചിന്റെ പീഡനത്തിൽ പരിക്കേറ്റ കുട്ടിയെ ഏപ്രിൽ 21 നാണ് തായ്ചൂങിലെ ഫെങ് യുവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് രണ്ട് മാസത്തിലേറെയായി അബോധാവസ്ഥയിലായിരുന്നു. ആന്തരാവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് മകന് നൽകിയിരുന്ന ജീവൻ രക്ഷാസംവിധാനം നീക്കാൻ മാതാപിതാക്കൾ സമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഹുവാങ് എന്ന കുടുംബനാമം മാത്രമാണ് കുട്ടിയെ കുറിച്ച് ലഭ്യമായ ഏക വിവരം. ജൂഡോ പരിശീലനത്തിൽ പുതുമുഖമായിരുന്ന ഹുവാങ് തന്നെ കളിയാക്കുന്നത് കേട്ടതാണ് കോച്ചിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടിയെ എറിഞ്ഞു കൊണ്ടുള്ള പരിശീലനം ആരംഭിച്ചു. എറിയരുതെന്ന് കുട്ടി കേണപേക്ഷിച്ചെങ്കിലും കോച്ച് അത് തുടർന്ന് കൊണ്ടേയിരുന്നു. കുട്ടിയുടെ തല തുടരെത്തുടരെ നിലത്തിടിച്ചതാണ് മസ്തിഷ്‌ക രക്ത സ്രാവത്തിന് കാരണമായത്. കുട്ടിയുടെ അവസ്ഥയ്ക്ക് കാരണക്കാരനായ കോച്ചിനെ കുറ്റക്കാരനാണെന്ന് ഈ മാസമാദ്യം കണ്ടെത്തിയിരുന്നു. ഇയാൾ പരിശീലനത്തിനെത്തുന്ന കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയും കുറ്റകൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.