mithali

മുംബയ്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടെസ്‌റ്റ്, ഏകദിന ക്യാപ്‌റ്റനായ മിതാലി രാജിനെയും സ്‌പിന്നർ രവിചന്ദ്രൻ അശ്വിനെയും ശുപാർശ ചെയ്‌ത് ബിസിസിഐ. കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയത്തിന്റെ പാനലിനാണ് ബിസിസിഐ ശുപാർശ നൽകിയത്.

അർജുന അവാർഡിനായി ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാൻ, കെ.എൽ രാഹുൽ എന്നിവരുടെയും പേസ് ബൗള‌ർ ജസ്‌പ്രീത് ബുമ്രയുടെയും പേരുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശുപാർശ ചെയ്‌തിട്ടുണ്ട്.

1999ൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിച്ച 38 വയസുകാരിയായ മിതാലി രാജ് വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് സ്‌കോർ ചെയ്‌ത താരമാണ്. 7170 റൺസാണ് മിതാലി നേടിയത്. അർജുന അവാർഡ് ജേതാവായ ആർ. അശ്വിൻ ഇന്ത്യയ്‌ക്ക് വേണ്ടി 79 ടെസ്‌റ്റുകളിൽ നിന്ന് 413 വിക്കറ്റുകൾ വീഴ്‌ത്തിയ ബൗളറാണ്. ഏകദിനത്തിലും ടി20യിലും 150ഉം 52ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

35 വയസുകാരനായ ശിഖർ ധവാൻ നിലവിലെ ശ്രീലങ്കൻ പര്യടനത്തിനുള‌ള ഇന്ത്യൻ ടീമിന്റെ നായകനാണ്. 142 ഏകദിനങ്ങളിലായി 5977 റൺസ് നേടിയിട്ടുണ്ട്.