കട്ടപ്പന: മൊബൈൽ ഗെയിം കളിക്കുന്നതിന് 1500 രൂപയ്‌ക്ക് ഫോൺ റീചാർജ് ചെയ്‌തതിന് അച്ഛൻ വഴക്കുപറഞ്ഞ വിഷമത്തിൽ കുട്ടി ആത്മഹത്യ ചെയ്‌തു. കട്ടപ്പന ട്രൈബൽ ഹയർസെക്കന്ററി സ്‌കൂൾ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയും സുവർണ ഗിരി കല്യാണത്തണ്ട് കറുകപ്പറമ്പിൽ ബാബു (രവീന്ദ്രൻ)-ശ്രീജ ദമ്പതികളുടെ മകനുമായ ഗർഷോം(14) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്.
ഏറെനേരം മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനും അമിത തുക ചിലവാക്കി റീചാർജ് ചെയ്‌തതിനും പിതാവ് ഗർഷോമിനെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ വിഷമത്തിലായിരുന്നു കുട്ടി. ഇന്ന് രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച കുട്ടി ഷാളിൽ തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ അനിയത്തി ജിസിയയും വല്യമ്മയും വീട്ടിലുണ്ടായിരുന്നു. ജോലിക്കുപോയിരുന്ന അമ്മ ഇടയ്‌ക്ക് വിളിച്ചിട്ടും ഗർഷോമിനെ കിട്ടാത്തതിനെ തുടർന്ന് അയൽവാസിയായ പാസ്‌റ്ററെ വിളിച്ച് കാര്യംപറഞ്ഞിരുന്നു. തുടർന്ന് ഇവർ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് ടെസ്‌റ്റിന് ശേഷം നാളെ ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.