റിയാദ്:സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ഇറ്റലിയിൽ ചർച്ച നടത്തി. സൗദി വിദേശകാര്യ-വികസന മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായാണ് തെക്കൻ ഇറ്റലിയിലെ മതേരയിൽ കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് സാഹചര്യത്താൽ ഇന്ത്യയിൽ നിന്ന് നിർത്തിവച്ച വിമാന സർവീസുകൾ പുനാരാരംഭിക്കുന്നതിനെ പറ്റി ചർച്ച നടത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.രണ്ടു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും കൊവിഡ് ഉൾപ്പടെയുള്ള പൊതു വിഷയങ്ങളുമാണ് ചർച്ച ചെയ്തെന്ന് സൗദി വാർത്താ വൃത്തങ്ങൾ വ്യക്തമാക്കി. ഇരുവരുടെയും ചർച്ചകൾ പ്രവാസികളിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.