vaccines

ന്യൂഡൽഹി: ഇന്ത്യൻ നി‌ർമ്മിത വാക്‌സിനുകളായ കൊവാക്‌സിനും കൊവിഷീൽഡിനും യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകണമെന്ന് കർശനമായി ആവശ്യപ്പെട്ട് ഇന്ത്യ. നാളെ മുതൽ നടപ്പാക്കുന്ന യൂറോപ്യൻ യൂണിയന്റെ പുതിയ പാസ്‌പോർട്ട് നയത്തിൽ ഇന്ത്യ അംഗീകരിച്ച ഈ രണ്ട് വാക്‌സിനും ഉൾപ്പെട്ടിട്ടില്ല. ഇതോടെ ഈ വാക്‌സിനുകൾ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ യൂറോപ്യൻ യൂണിയനിൽപെട്ട രാജ്യങ്ങളിൽ അംഗീകരിക്കാതെ വരും.

യൂറോപ്യൻ യൂണിയന്റെ തീരുമാനമെടുക്കാനുള‌ള ഈ വൈമനസ്യത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം കർശന നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിദേശകാര്യമന്ത്രി ജയ് ശങ്കർ ഇക്കാര്യം വ്യക്തമാക്കി. കൊവിഷീൽഡും കൊവാക്‌സിനും യൂറോപ്യൻ യൂണിയൻ സ്വീകരിച്ചില്ലെങ്കിൽ അവിടുത്തെ പൗരന്മാർ ഇന്ത്യയിലെത്തുമ്പോൾ നൽകുന്ന വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ഇന്ത്യയും സ്വീകരിക്കില്ല. മാത്രമല്ല അവർക്ക് നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തും.

കൊവിഷീൽഡിനെയും കൊവാക്‌സിനെയും ഡിജിറ്റൽ കൊവിഡ് സർട്ടിഫിക്കറ്റിൽ നോട്ടിഫൈ ചെയ്യണമെന്ന് കേന്ദ്ര സ‌ർക്കാ‌ർ ആവശ്യപ്പെടുന്നു. പുതിയ ഗ്രീൻ പാസ് സംവിധാനം അനുസരിച്ച് കൊവിഷീൽഡ് സ്വീകരിച്ചവ‌ർക്ക് .യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശനത്തിന് അനുമതിയില്ല.

യൂറോപ്യൻ മെഡിസിൻസ് ഏജൻസി അംഗീകരിച്ച ഫൈസർ, മൊഡേണ, ആസ്‌ട്ര സെനെക്ക, ജാൻസെൻ എന്നിവ മാത്രമാണ് യൂറോപ്യൻ യൂണിയൻ അംഗീകരിച്ചത്. അസ്‌ട്ര സെനെക്കയുടെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡിന് അംഗീകാരവുമില്ല.

കൊവിഷീൽഡിന്റെ അപേക്ഷ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറയുന്നത്. എന്നാൽ യൂറോപ്യൻ പങ്കാളിയായ ആസ്ട്ര സെനെക്ക വഴി അപേക്ഷ നൽകിയിരുന്നതായി വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട് അറിയിച്ചു.