ബംഗളൂരു: നഗരത്തിൽ കഴിഞ്ഞ വർഷമുണ്ടായ കലാപ കേസിൽ പ്രതിയായ എസ്‌ഡിപിഐ നേതാവ് പിടിയിൽ. 2020 ഓഗസ്‌റ്റ് 11ന് ബംഗളൂരുവിലെ കെ.ജി ഹളളിയിലുണ്ടായ കലാപം നയിച്ച എസ്‌ഡിപിഐ നഗവാര വിംഗ് പ്രസിഡന്റായ സയിദ് അബ്ബാസാണ് ദേശീയാന്വേഷണ ഏജൻസിയുടെ പിടിയിലായത്.
ദേശീയ അന്വേഷണ ഏജൻസി നൽകുന്ന വിവരമനുസരിച്ച് കലാപത്തിന്റെ മുഖ്യ ആസൂത്രകനായ അബ്ബാസ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. അബ്ബാസും എസ്‌ഡിപിഐയുടെ മറ്റ് നേതാക്കളും കെജി ഹളളി പൊലീസ് സ്‌റ്റേഷനിൽ ഡ്യൂട്ടി നോക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തീവച്ച് നശിപ്പിക്കുകയും ചെയ്‌തു. ആയുധങ്ങളുമായി പൊലീസ് സ്‌റ്റേഷന് പുറത്തെത്തിയ പ്രവർത്തകർ വൈകാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
പുലികേശിനഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകനായ നവീൻ കുമാർ മുസ്ളീം സമുദായത്തിനെതിരായി സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റിട്ടതാണ് പ്രശ്‌നകാരണം. സംഭവത്തിൽ പ്രതിയായ സയീദ് അബ്ബാസിനെ ബംഗളൂരു എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇയാളെ ആറ് ദിവസത്തേക്ക് ദേശീയാന്വേഷണ ഏജൻസിയുടെ കസ്‌റ്റഡിയിൽ വിട്ടു.