cv
മലപ്പുറം എം.എസ്.പി.എൽ.പി സ്കൂളിലെ അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പ്രവേശനോത്സവത്തിൽ കുട്ടികളുമായി സംവദിക്കുന്നു

മലപ്പുറം: ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത 10,​303 കുട്ടികൾ ജില്ലയിലുള്ളതായി വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഒന്നാംക്ലാസിലേക്ക് 54,426 കുട്ടികളാണ് പ്രവേശനം നേടിയത്. ഒന്നുമുതൽ 10 വരെ ക്ലാസുകളിലായി പുതിയ അദ്ധ്യയന വർഷം 6.91 ലക്ഷം വിദ്യാ‌ർത്ഥികളാണുള്ളത്. സാധാരണഗതിയിൽ 7.50 ലക്ഷത്തോളം വിദ്യാർത്ഥികൾ ഉണ്ടാവാറുണ്ട്. കൊവിഡ് സാഹചര്യമായതിനാൽ ഒരാഴ്ച്ചയ്ക്കകം 50,​000ത്തോളം കുട്ടികൾ കൂടി പ്രവേശനം നേടുമെന്ന കണക്കുകൂട്ടലിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇതിനുശേഷമേ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കൃത്യം കണക്ക് ലഭ്യമാവൂ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ എണ്ണം കുറഞ്ഞതായി അധികൃതർ പറയുന്നു. വീട്ടിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി കഴിഞ്ഞ അദ്ധ്യയനവർഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച പഠനകേന്ദ്രങ്ങളിൽ തുടക്കത്തിൽ അരലക്ഷം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടെലിവിഷനും​ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. അദ്ധ്യയന വർഷം പകുതി പിന്നിടും മുമ്പേ കുട്ടികളുടെ എണ്ണം 25,​000ത്തിൽ താഴെയെത്തി. വിദ്യാ‌ർത്ഥികൾ തീരെ കുറഞ്ഞതോടെ പല കേന്ദ്രങ്ങളും പൂട്ടേണ്ടിവന്നു. വീട്ടിൽ ടെലിവിഷനും സ്മാർട്ട് ഫോണുമില്ലാത്ത കുട്ടികൾക്കായി ഇത്തവണയും പഠന കേന്ദ്രങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിക്കണം. കൊവിഡ് വ്യാപന സാഹചര്യത്തിൽ പഠനകേന്ദ്രങ്ങൾ എപ്രകാരമാണ് പ്രവ‌ർ‌ത്തിപ്പിക്കേണ്ടതെന്നത് സംബന്ധിച്ച മാർഗ്ഗനി‌ർദ്ദേശങ്ങളും ലഭിക്കണം. ഈമാസം 14ന് ശേഷമാണ് പുതിയ അദ്ധ്യയന വർഷത്തെ പാഠ്യപ്രവർത്തനങ്ങൾ പ്രധാനമായും തുടങ്ങുക. ഇതിനകം ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ കാര്യത്തിലെ തുടർനടപടി സംബന്ധിച്ച നിർദ്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ഇത്തവണ അതത് സ്കൂളുകളിലെ അദ്ധ്യാപകരോട് ഓൺലൈനായി ക്ലാസെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

പഠന കേന്ദ്രങ്ങൾ റെഡി

ഓണലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പ്രശ്നം വൈകാതെ പരിഹരിക്കും. കൊവിഡ് വ്യാപന സാഹചര്യം മൂലം മുഴുവൻ കുട്ടികളും പ്രവേശനം നേടിയിട്ടില്ല. ഒന്നാം ക്ലാസിലേക്ക് ഇനിയും 20,​000ത്തോളം കുട്ടികൾ പ്രവേശനം നേടിയേക്കും.

കെ.എസ്. കുസുമം,​ ജില്ലാ വിദ്യാഭ്യാസ ഓഫീസർ