dddd
.

എടപ്പാൾ: മേളപ്പെരുക്കമില്ലാതെ കൊവിഡ് ഭീതിയിൽ നിശബ്ദമായി ഒഴിഞ്ഞുപോയത് രണ്ട് പൂരക്കാലങ്ങൾ. ആരവങ്ങളുയരുന്ന ഉത്സവാന്തരീക്ഷവുമായി ജീവിതത്തിന് തെളിച്ചം പകരുന്ന മേളക്കാലം ഇനിയെന്നെത്തുമെന്ന് വാദ്യകലാകാരൻ കണ്ടനകം അപ്പുണ്ണിക്കറിയില്ല. കലോപാസനയിലൂടെ മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന അപ്പുണ്ണിയെപ്പോലുള്ള വാദ്യകലാകാരൻമാർക്ക് മുന്നിൽ കൊവിഡ് ഉയർത്തിയിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

വാദ്യകലാകാരൻ എടപ്പാൾ അപ്പുണ്ണിക്ക് ശേഷം ഏറെ പെരുമ നേടിയ കലാകാരനാണ് കണ്ടനകം അപ്പുണ്ണി. ശബ്ദഘോഷങ്ങൾക്കിടയിൽ എന്നും ജ്വലിച്ചുനിന്ന ഈ എഴുപതുകാരൻ രണ്ടുവർഷമായി വീട്ടിലെ ഏകാന്തതയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അറിയാവുന്ന തൊഴിൽ കൊട്ടു മാത്രം. അത് ചെയ്യാനാണെങ്കിൽ പറ്റുന്നുമില്ല . മുൻകാലങ്ങളിൽ മറ്റു തൊഴിലുകളിലേക്ക് പലരും ക്ഷണിച്ചിരുന്നെങ്കിലും മേളപ്പെരുക്കത്തിന്റെ കരുത്തിൽ ജീവിക്കുമെന്ന പ്രതിജ്ഞയിലായിരുന്നു അപ്പുണ്ണി. തീരുമാനം തെറ്റിപ്പോയോ എന്ന് ഇപ്പോൾ സംശയമില്ലാതില്ല. ക്ഷേമപെൻഷൻ 1600 രൂപ കൊണ്ടാണ് ഇപ്പോൾ കഴിയുന്നത്

കേരളത്തിലെ വിവിധ ഉത്സവങ്ങൾക്കൊപ്പം ആന്ധ്ര,​ തമിഴ്നാട്,​ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ പരിപാടികളിലും സജീവമായിരുന്നു അപ്പുണ്ണി. കൊൽക്കത്തയി ൽ നിന്നും കീർത്തി പത്രം ലഭിച്ചിട്ടുണ്ട്. 1980 ൽ ഗവർണറുടെ അനുമോദനവും ലഭിച്ചു. വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചെണ്ടയ്ക്കൊപ്പം,​ തബല,​ ഹാർമോണിയം എന്നിവ വായിക്കാനും അപ്പുണ്ണിക്കറിയാം. ഒട്ടേറെ നാടകങ്ങളുമായും സഹകരിച്ചിട്ടുണ്ട്. തങ്കമണിയാണ് ഭാര്യ. അരുൺ ദാസ്, ബിന്ദു,​ മിനി എന്നിവരാണ് മക്കൾ.