pk-warrier

കോട്ടയ്ക്കൽ: സമൂഹത്തിന്റെ നന്മയ്ക്കായി സമർപ്പിച്ച ധന്യജീവിതമാണ് ഡോ. പി.കെ. വാരിയരുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ ഡോ. പി.കെ. വാരിയരുടെ നൂറാം പിറന്നാൾ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള മനസ്സോടും ശരീരത്തോടുംകൂടി സമൂഹമാകെ പുലരണമെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്. ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ വ്യക്തിത്വം. ആയുർവേദത്തിനും നമ്മുടെ സംസ്‌കാരത്തിനൊട്ടാകെയും മഹത്തായ സംഭാവനകൾ അദ്ദേഹം നൽകി. സാധാരണ മനുഷ്യരുമായി ഇടപെടുകയും അവരുടെ ജീവിതപ്രശ്നങ്ങൾ സൂക്ഷ്മമായി പഠിക്കുകയും വഴി അദ്ദേഹം നേടിയെടുത്ത ജീവിതാവബോധം കറയറ്റതാണ്. ആഗോളതലത്തിൽ ആയുർവേദത്തിന് അംഗീകാരം നേടിയെടുക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി- മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കോട്ടയ്ക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ, ആയുഷ് ഡിപ്പാർട്‌മെന്റ് മുൻ സെക്രട്ടറി ഷൈലജ ചന്ദ്ര എന്നിവർ പ്രസംഗിച്ചു. ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി.എം. വാരിയർ സ്വാഗതമാശംസിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള കൃതജ്ഞത പറഞ്ഞു.