പെരിന്തൽമണ്ണ: ആനമങ്ങാട് മാടമ്പ്രക്കുന്നിന് സമീപത്തെ സ്പീഡോസ് സ്‌പോർട്സ് ഹബ്ബിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കൂട്ടമായെത്തി വെട്ടുകിളികൾ. മരങ്ങളുടെ ഇലകളും ഓലകളും വാഴയിലകളും തിന്നുന്നതിനെതുടർന്ന് കർഷകർ ആലിപ്പറമ്പ് കൃഷി ഓഫീസർ റെജീനയെ വിവരമറിയിച്ചു. കാക്കനാട്ടുള്ള കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ സ്ഥലം സന്ദർശിച്ചു. ഈ ഇനം വെട്ടുകിളികൾ അപകടകാരികളല്ലെന്നും വീര്യം കുറഞ്ഞ് കീടനാശിനി ഉപയോഗിച്ച് തുരത്താമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ മിലു മാത്യു, കേരള കാർഷിക സർവകലാശാലയിലെ ഡോക്ടർ ഗവാസ് രാഗേഷ്, എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മറ്റ് കൃഷിയിടങ്ങളിലേക്ക് വ്യാപിക്കാതെ വെട്ടുകിളികളുടെ ശല്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിലാണ് ഇത്തരം വെട്ടുകിളികൾ കൂട്ടമായെത്തുന്നത്.