och
ആഫ്രിക്കൻ സ്‌നൈൽ ഒച്ച്‌

അരീക്കോട് : പഞ്ചായത്ത് ഐ.ടി.ഐ ഭാഗത്ത് കെ.എസ്.ഇ.ബിയോട് ചേർന്നുള്ള വീടുകളിലും പരിസര പ്രദേശങ്ങളിലും ഉപദ്രവകാരിയായ ആഫ്രിക്കൻ ഒച്ചിന്റെ സമാനരീതിയിലുള്ള ഒച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആഫ്രിക്കൻ സ്‌നൈൽ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ഇവ നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. സമീപ പ്രദേശങ്ങളിലെ വീട്ടുകാരുടെ ചെടികളും കൃഷിയും വൻതോതിൽ ഇവ നശിപ്പിക്കുന്നുണ്ട്.

പരാതിയെ തുടർന്ന് അരീക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ സച്ചിദാനന്ദൻ, കൃഷി ഓഫീസർ നജ്മുദ്ദീൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കൃഷ്ണൻ, വാർഡ് മെമ്പർ പട്ടീരി സൈനബ എന്നിവർ സ്ഥലം സന്ദർശിച്ചു.

ഇവയുടെ വ്യാപനം തടയാൻ പരിസര പ്രദേശങ്ങൾ വൃത്തിയാക്കാനും തുരിശ് അടിക്കാനും തീരുമാനിച്ചു. കെ.എസ്.ഇ.ബിയുടെ കോമ്പൗണ്ടും പരിസരവും വൃത്തിയാക്കാൻ ഓഫീസിന് നിർദ്ദേശം നൽകി.

ഒച്ച് ശല്യമൊഴിവാക്കാൻ കൃഷിവകുപ്പ് നിർദ്ദേശങ്ങൾ

1. വീടും പരിസരവും തോട്ടവും വൃത്തിയായി സുക്ഷിക്കുക. കുറ്റിക്കാടുകളും മറ്റും വെട്ടി സൂര്യപ്രകാശം കടന്നു വരുത്തക്കവിധം ക്രമീകരിക്കുക 2. പരിപാലിക്കപ്പെടാത്ത തോട്ടങ്ങൾ ഒച്ചുകളുടെ വംശവർദ്ധനവിന് കാരണമാവും. ഇത്തരം തോട്ടങ്ങൾ കിളച്ചിടുന്നത് വഴി മുട്ടകൾ നശിപ്പിക്കാം. 3. സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 2 മണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒച്ചുകളെ നനഞ്ഞ ചണ ചാക്കിട്ട് ശേഖരിച്ച് ഉപ്പ് വെള്ളത്തിലിട്ട് നശിപ്പിക്കാം. 4. മണ്ണിൽ ഒരടി ആഴത്തിൽ കുഴികളെടുത്ത് അതിൽ ഒരു ദിവസം പുളിപ്പിച്ച പെനാപ്പിൾ, പഴം, പപ്പായ എന്നിവയുടെ അവശിഷ്ടങ്ങളും ശർക്കരയും യീസ്റ്റും ഇട്ട് കൊടുത്താൽ ഒച്ചുകൾ കുഴിയിലേക്ക് കൂട്ടത്തോടെ ആകർഷിതരാവും. തുടർന്ന് കുഴിയിൽ തുരിശ് വിതറി ഒച്ചുകളെ കൊല്ലാം. 5.വീടിനും കൃഷിയിടത്തിനും ചുറ്റിലായി തുരിശ്, ബോറാക്സ് പൗഡർ ,പുകയില സത്ത് എന്നിവ തളിക്കുന്നത് നല്ലതാണ്. 6. ഒച്ചുകളുടെ എണ്ണം വളരെ കൂടുതലുള്ള ഇടങ്ങളിൽ മെറ്റലി ഹെഡ് പെല്ലറ്റ് കെണി പല സ്ഥലങ്ങളിലായി നിക്ഷേപിക്കാം.