മലപ്പുറം: ന്യൂനപക്ഷക്ഷേമ അനുപാതം നിശ്ചയിക്കാനുള്ള വിദഗ്‌ദ്ധ സമിതി സർവകക്ഷി യോഗ തീരുമാനപ്രകാരമല്ലെന്ന് മുസ്ളിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. യോഗത്തിൽ സർക്കാർ നിലപാട് ആരാഞ്ഞപ്പോൾ ഇനിയും ചർച്ച നടത്താമെന്നുമാത്രമാണ് മറുപടി നൽകിയത്. വിദഗ്ദ്ധസമിതിയെ നിയമിക്കുകന്നത് അപ്രായോഗികമാണ്. ഇതിനെ അംഗീകരിക്കാനാവില്ല. സമിതിയെ നിശ്ചയിക്കാനുള്ള തീരുമാനത്തെ ലീഗ് എതിർത്തില്ലെന്ന ഐ.എൻ.എല്ലിന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചു.
സച്ചാർ കമ്മിറ്റി നിർദ്ദേശം അതേപടി നടപ്പാക്കണമെന്നാണ് ലീഗ് നിലപാട്. പാലൊളി കമ്മിഷൻ നിർദ്ദേശമാണ് കോടതി വിധിയിലൂടെ റദ്ദായത്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. മറ്റ് വിഭാഗങ്ങളിലെ അർഹരായ പിന്നാക്കക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് ലീഗ് എതിരല്ല. അനുപാതം റദ്ദാക്കിയ കോടതി വിധിയിൽ സർക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. തീരുമാനം നീട്ടിക്കൊണ്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.