vazhakkad
ശുചീകരണ മാലിന്യം വെള്ളക്കെട്ടിൽ തള്ളിയ നിലയിൽ.

വാഴക്കാട്: പരിസ്ഥിതി ദിനത്തിൽ എടവണ്ണപ്പാറ ടൗണിൽ നടത്തിയ ശുചീകരണത്തിന്റെ മാലിന്യം തള്ളിയത് ചാലിപ്പാടത്തെ വെള്ളകെട്ടിലെന്ന് പരാതി. ചാക്കുകളിലും ഉന്തുവണ്ടികളിലുമായി വലിയ മാലിന്യ കൂമ്പാരമാണ് തള്ളിയത്. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ കത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പുക ഉയരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവും. വെള്ളക്കെട്ട് മലിനമാക്കിയതിനെതിരെ നടപടി സീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചാലിപ്പാടമാകെ മലിനമായതിനാൽ സമീപത്തെ കിണറുകളും മറ്റും മലിനമാകുന്നുവെന്ന ആക്ഷേപവും പരിസരവാസികൾക്കുണ്ട്. മാലിന്യം തള്ളിയത് അന്വേഷിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹിമാൻ പറഞ്ഞു.