pk

മലപ്പുറം: ആയുർവേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ‌ഡോ. പി.കെ.വാരിയർ ഇന്ന് നൂറിന്റെ നിറവിൽ. ഇടവ മാസത്തിലെ കാർത്തിക നാളിലാണ് ജനനം. അടുത്ത ബന്ധുക്കൾക്കൊപ്പം കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിൽ ലളിതമായാവും ആഘോഷം. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷത്തിനു പകരം ഓൺലൈൻ വഴിയുള്ള ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക പരിപാടികൾക്കാണ് ഊന്നൽ. ശതപൂർണിമ എന്നു പേരിട്ട നൂറാം പിറന്നാളാഘോഷം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.

മാനേജിംഗ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാനാപകടത്തിൽ മരിച്ചതോടെ 1953ലാണ് പി.കെ.വാരിയർ ആര്യവൈദ്യശാലയുടെ തലപ്പത്തെത്തുന്നത്. ആയുർവേദത്തിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകളേകിയ അദ്ദേഹത്തെ 1999ൽ പദ്മശ്രീയും 2010ൽ പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1997ൽ ആൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ആയുർവേദ മഹർഷി സ്ഥാനം സമർപ്പിച്ചു. കാലിക്കറ്റ്,​ എം.ജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ്,​ സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം എന്നിങ്ങനെ പി.കെ.വാരിയർക്കു ലഭിച്ച പുരസ്‌കാരങ്ങൾ അനവധി. ഇന്ത്യൻ ആയുർവേദ കോൺഗ്രസ് പ്രസിഡന്റ് അടക്കം ഉന്നതസ്ഥാനങ്ങളും അലങ്കരിച്ചു. സ്ഥാപനത്തിന്റെ വാർഷിക വരുമാനം ഒമ്പത് ലക്ഷത്തിൽ നിന്ന് 400 കോടി രൂപയ്ക്കു മുകളിലേക്കെത്തിച്ചതും അദ്ദേഹമാണ്.

തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറുമക്കളിൽ ഇളയ പുത്രനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. എൻജിനീയർ ആവണമെന്നായിരുന്നു പി.കെ.വാരിയരുടെ മോഹം. എന്നാൽ കുടുംബത്തിനിഷ്ടം വൈദ്യം പഠിക്കുന്നതും. കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ (ഇന്നത്തെ വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളേജ്)​ വൈദ്യ വിദ്യാഭ്യാസത്തിനു ചേർന്നു. 1942ൽ കോളേജ് വിട്ട് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കാളിയായി. പിന്നീട് മഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് ക്യാമ്പിലും. സജീവ രാഷ്ട്രീയമല്ല വൈദ്യമാണ് തന്റെ വഴിയെന്ന തിരിച്ചറിവിൽ വീണ്ടും പഠനമാരംഭിച്ചു. ഇതിനിടെ 24ാം വയസിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല ട്രസ്റ്റ് ബോർഡംഗമായി. കവയിത്രി കൂടിയായിരുന്ന പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ,​ പരേതനായ കെ.വിജയൻ വാരിയർ,​ സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി,​ രതി വിജയൻ വാരിയർ,​ കെ.വി.രാമചന്ദ്രൻ വാരിയർ. സ്മൃതിപർവം എന്ന ആത്മകഥയ്ക്ക് 2007ലെ ചെറുകാട് അവാർഡ് ലഭിച്ചിട്ടുണ്ട്.

എല്ലാം കിറുകൃത്യം

പി.കെ.വാരിയരുടെ ചികിത്സപോലെ തന്നെയാണ് ജീവിതചര്യയും. കിറുകൃത്യം. പുലർച്ചെ നാലിനുണരും. പ്രഭാതകർമ്മങ്ങൾക്കുശേഷം അരമണിക്കൂറോളം വ്യായാമം. ആറിനു മുമ്പെ കുളിച്ച് കുടുംബ ക്ഷേത്രമായ വിശ്വംഭര ക്ഷേത്രത്തിലും വലിയമ്മാവനും ആര്യവൈദ്യശാല സ്ഥാപകനുമായ പി.എസ്.വാരിയരുടെ സ്മാരകത്തിലുമെത്തി പ്രാർത്ഥിക്കും. തുടർന്ന് അഷ്ടാംഗഹൃദയം വായന. പ്രാതലിനുശേഷം എട്ടുമണിക്ക് രോഗികളെ പരിശോധിക്കും. കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള ചികിത്സയില്ല. സഹപ്രവർത്തകർക്ക് ചികിത്സാനിർദ്ദേശങ്ങളേകും. ഭക്ഷണം ഉച്ചയ്ക്ക് ഒന്നോടെ. രണ്ടുമണിക്ക് മാനേജിംഗ് ട്രസ്റ്റിയുടെ മുറിയിൽ. വൈകിട്ട് ആറോടെ വീട്ടിലേക്ക് തിരിക്കും. രാത്രി ഒമ്പതരയോടെ ഉറക്കം. യൂറിനറി ഇൻഫെക്‌ഷ‌ൻ മൂലം ഇപ്പോൾ വിശ്രമത്തിലാണ്. ആര്യവൈദ്യശാലയുടെ ദൈനംദിന ഭരണകാര്യങ്ങളിൽ പതിവുപോലെ ഇടപെടുന്നുണ്ട്.