കോട്ടയ്ക്കൽ: വൈദ്യകുലപതി ഡോ.പി.കെ.വാരിയർക്ക് ആഘോഷങ്ങളില്ലാത്ത നൂറാം പിറന്നാൾ. കൊവിഡ് കാരണമാണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. പി.കെ. വാരിയർ താമസിക്കുന്ന കൈലാസമന്ദിരത്തിലും പരിപാടികളൊന്നുമുണ്ടായില്ല.

നൂറാം പിറന്നാളിന്റെ ആശംസകളുമായി നിരവധി പ്രമുഖരുടെ സന്ദേശങ്ങളെത്തി. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, വ്യവസായ മന്ത്രി പി. രാജീവ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, മുൻമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ എം.കെ.മുനീർ, എം.പി. അബ്ദുസമദ് സമദാനി എം.പി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുസ്ലിം ലീഗ് നേതാവ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അമല ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു

ശതപൂർണ്ണിമ എന്ന പേരിൽ ഓൺലൈനായി തുടക്കം കുറിച്ച വിവിധ പരിപാടികൾ നടക്കുന്നുണ്ട്. പിറന്നാൾ ദിനമായ ഇന്നലെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയും വൈദ്യരത്നം പി.എസ്.വാരിയർ ആയുർവേദ കോളേജും സംയുക്തമായി നടത്തുന്ന നാലുദിവസത്തെ ഓൺലൈൻ പ്രഭാഷണ പരമ്പര ആരംഭിച്ചു. ആയുഷ് മന്ത്രാലയം സെക്രട്ടറി ഡോ.രാജേഷ് കൊട്ടേച്ച് ഉദ്ഘാടനം ചെയ്തു. കോട്ടയ്ക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ഇന്നു രാവിലെ 10ന് അദ്ധ്യാപകർക്കുള്ള സെഷനിൽ 'പ്രശ്നാധിഷ്ഠിത പഠനം ആയുർവേദ ബോധനശാസ്ത്രത്തിൽ ' എന്ന വിഷയത്തിൽ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഡോ.കിഷോർ പട്‌വർദ്ധൻ പ്രസംഗിക്കും.