മലപ്പുറം: മഴ ഇടമുറിയാതെ തിമിർത്ത് പെയ്യേണ്ട സമയമാണിത്. വേനലിൽ മെലിഞ്ഞൊഴുകിയ പുഴകളും നീർച്ചാലുകളും നിറയാൻ തുടങ്ങേണ്ട സമയം. തിമിർത്ത് പെയ്യേണ്ട സമയത്തും മൺസൂൺ മഴ തീർത്തും മാറിനിന്ന അവസ്ഥയാണ് ജില്ലയിൽ. ജൂൺ മൂന്നുമുതൽ ഒമ്പതുവരെ ഒരാഴ്ച്ചയ്ക്കിടെ മാത്രം മഴയിൽ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 117.1 മില്ലീ മീറ്റർ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാൽ കിട്ടിയത് 81.8 മില്ലീമീറ്ററും.
ജൂൺ ഒന്നുമുതൽ ഇന്നലെ വരെ 39 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സാധാരണഗതിയിൽ 137.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 83.2 മില്ലീമീറ്റർ മാത്രം. ഇതിൽ തന്നെ ഭൂരിഭാഗം ജൂൺ ഒന്നുമുതൽ അഞ്ചുവരെ കാലയളവിലാണ്. രണ്ടാംവാരത്തിൽ മഴ തീർത്തും മാറിനിന്നു. ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച അഞ്ച് മഴമാപിനികളിൽ ഒന്നിൽ മാത്രമാണ് മഴ രേഖപ്പെടുത്തിയത്. അങ്ങാടിപ്പുറത്താണിത്, 1.2 മില്ലീമീറ്റർ. പൊന്നാനി, നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, കരിപ്പൂർ എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തിയിട്ടില്ല.
ഇത്തവണ വേനൽമഴയും പ്രതീക്ഷിച്ച പോലെ ലഭിച്ചിരുന്നില്ല. ടൗക് തേ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മേയ് 13 മുതൽ 19 വരെ ലഭിച്ച മഴയാണ് വേനൽമഴയുടെ കുറവിനെ മറികടക്കാൻ സഹായിച്ചത്. ഇക്കാലയളവിൽ 267.5 മില്ലീമീറ്റർ മഴയാണ് പെയ്തത്. ജനുവരി മുതൽ മേയ് 12 വരെ ലഭിച്ചിരുന്നത് 209 മില്ലീമീറ്ററും. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും മൺസൂൺ മഴയിൽ കുറവുണ്ട്. പത്തനംതിട്ടയിൽ 15 ശതമാനം അധിക മഴ ലഭിച്ചു.
ജില്ല ലഭിച്ച മഴ മി.മീറ്ററിൽ(ജൂൺ 1-9) പ്രതീക്ഷിച്ചത്
മലപ്പുറം 83.2 137.1
തിരുവനന്തപുരം 61.1 114.1
കൊല്ലം 106 139.21
പത്തനംതിട്ട 185.4 149.7
ഇടുക്കി 145 170.9
കോട്ടയം 156.2 181.2
ആലപ്പുഴ 129.7 174.7
എറണാകുളം 137.4 187.3
തൃശൂർ 137.2 202.1
പാലക്കാട് 37.8 93.9
കോഴിക്കോട് 67.2 228.4
വയനാട് 33.8 116.4
കണ്ണൂർ 35.7 202.2
കാസർകോട് 129.9 229