
അരീക്കോട് : നിലമ്പൂർ നോർത്ത് ഡിവിഷൻ കൊടുമ്പുഴ ഫോറസ്റ്റ് ഓഫീസ് പരിധിയിൽ കടത്താൻ ശ്രമിച്ച 13 തേക്ക് തടികൾ പിടികൂടി. ഒതായി ചാത്തല്ലൂർ ഖദീജയുടെ പേരിലുള്ളതാണ് മരങ്ങൾ മുറിച്ച ഭൂമി. ഒന്നരലക്ഷമാണ് ഫോറസ്റ്റ് വകുപ്പ് വിലയായി കാണിച്ചിട്ടുള്ളത്. റവന്യൂ പട്ടയഭൂമിയിൽ റബർ കൃഷിക്കൊപ്പം നട്ടുവളർത്തിയ തേക്ക് മരങ്ങൾ മകളുടെ വിവാഹ ആവശ്യത്തിനായി മുറിച്ചു എന്നാണ് ഭൂവുടമ പറയുന്നത്.
അതേസമയം, ഭൂരേഖകളിൽ ഇല്ലാത്ത തേക്കുമരങ്ങൾ മുറിക്കാൻ അനുമതിയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. നേരത്തെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് പാസ് അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ സാധുവല്ലെന്നാണ് ഉന്നത വനം ഉദ്യോഗസ്ഥരുടെ നിലപാട്. മരം വെട്ടി വിൽപ്പന നടത്താൻ ശ്രമിച്ചതിന് ഭൂവുടമക്ക് പിഴ ചുമത്തും.