kanj
എക്‌സൈസ് സംഘവും, പിടിയിലായ കഞ്ചാവ് പ്രതികളും

അരീക്കോട് : ടൗണിലൂടെ പിക്കപ്പിൽ കടത്തുകയായിരുന്ന 40 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. വിളയിൽ കെ. ഷിഹാബുദീൻ, വയനാട് സ്വദേശി രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി ഇർഷാദ് എന്നിവരെയാണ് സർക്കിൾ ഇൻസ്‌പെക്ടർ എ. ആർ. നിഗീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇന്നലെ പുലർച്ചെ മൂന്നരയോടെ പിടികൂടിയത്. ലോക്ക് ഡൗൺ സമയത്ത് വൻതോതിൽ ആന്ധ്രയിൽ നിന്ന് കഞ്ചാവ് ശേഖരിച്ച് അരീക്കോട് ,വിളയിൽ, പള്ളിക്കൽ ബസാർ , നിരോട്ടിക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നതായി എക്‌സൈസ് ഷാഡോ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംഘത്തിൽ കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. വയനാട് സ്വദേശി രഞ്ജിത്ത് നൂറ് കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് വയനാട്ടിൽ പിടിയിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്. ഐ.ബി ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടർ ഇ.ജിനീഷ് ,എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, മഞ്ചേരി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സബീർ, ടി.സതീഷ്, ഡ്രൈവർ ശശീന്ദ്രൻ, പരപ്പനങ്ങാടി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ നിധിൻ ചോമരി എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.