അരീക്കോട് : ഓൺലൈൻ വിദ്യാഭ്യാസത്തിന് വഴിയില്ലാതെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം ആദിവാസി കോളനികളിലെ വിദ്യാർത്ഥികൾ. ആദിവാസി കോളനികളായ കൊടുമ്പുഴ, കുരീരി, നെല്ലിയായി, പണിയ കോളനി, ഈന്തും പാലി എന്നിവിടങ്ങളിലെ പതിനാലോളം കുട്ടികളാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് വഴിയില്ലാതെ വലയുന്നത്. നന്നായി പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.

വിക്ടേഴ്സ് ക്ലാസ് മാത്രമാണ് ഈ കുട്ടികളുടെ ഏക ആശ്രയം. ഏഴോളം വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സൗകര്യവും ഇല്ല. ഇവർക്ക് ഒരു തരത്തിലും ക്ലാസുകൾ ലഭ്യമാവാത്ത സ്ഥിതിയാണ്. വിക്ടേഴ്സ് ക്ളാസ് കഴിഞ്ഞാൽ നോട്ടുകൾ തയ്യാറാക്കി അദ്ധ്യപകർക്ക് അയക്കാനോ അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനോ ഇവർക്കാവുന്നില്ല.

കൊവിഡിന് പുറമേ മഴക്കാലമാവുമ്പോഴുള്ള ഉരുൾപൊട്ടൽ ഭീഷണിയും നേരിടുന്നവരാണ് ഈ വിദ്യാർത്ഥികൾ. ഇതിനിടെ വിദ്യാഭ്യാസം ഇവർക്കുമുന്നിൽ ചോദ്യമാവുകയാണ്. കുട്ടികൾക്ക് ആധുനിക മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുക്കാനുള്ള സാമ്പത്തിക പ്രയാസം ഇവരെ അലട്ടുന്നുണ്ട്. കീപാഡ് ഫോണുകളാണ് ഇവരുടെ കൈവശമുള്ളത്. കൊടുമ്പുഴയടക്കമുള്ള ചില കോളനികളിൽ മൊബൈലിന് റേഞ്ചുമില്ല. ഇത്തരം സ്ഥലങ്ങളിൽ സർക്കാർ പ്രത്യേകം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം വാർഡ് മെമ്പർ ജിനേഷിന്റെ നേതൃത്വത്തിൽ പണിയ കോളനിയിലെ ഒരു വീട്ടിൽ ടെലിവിഷൻ സംവിധാനം ഒരുക്കിയിരുന്നു. ഇതുപോലുള്ള ശ്രമങ്ങൾക്ക് അധികാരികൾ കൂടുതലായി മുന്നിട്ടിറങ്ങണമെന്ന് ആവശ്യമാണുയരുന്നത്. സ്‌കൂളിലെ മറ്റു സഹപാഠികൾ പഠനത്തിൽ മുഴുകുമ്പോൾ അതിനാവാത്തത് മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക്മാനസികസമ്മർദ്ദവും സൃഷ്ടിക്കുന്നുണ്ട്.

ഡിവൈസ് ലൈബ്രറി

ഓടക്കയം സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് ‌ഡിവൈസ് ലൈബ്രറിയുടേത്.

ആളുകളിൽ നിന്നും സംഭാവന സ്വീകരിച്ച് മൊബൈൽ ഫോണുകൾ വാങ്ങിക്കുകയാണ് ചെയ്യുന്നത്.

ഈ മൊബൈൽ ഫോണുകൾ ആവശ്യമായ വിദ്യാർത്ഥികളിലേക്ക് പഠന സൗകര്യത്തിനായി എത്തിക്കും.

ഓൺലൈൻ പഠനം കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുന്ന മുറയ്ക്ക് ഈ മൊബൈൽ ഫോണുകൾ തിരിച്ചേല്പിക്കണം.


''മൊബൈൽ ഫോണുകൾ വാങ്ങിക്കാൻ സാമ്പത്തികപ്രയാസം ഉള്ളവരാണ് കോളനികളിൽ ഉള്ളത്. ഡിവൈസ് ലൈബ്രറി ചലഞ്ച് മാത്രമാണ് ഏക ആശ്രയം

ജിനേഷ്,​ ഓടക്കയം വാർഡ് മെമ്പർ


ടെലിവിഷൻ,​ മൊബൈൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ


പണിയ കോളനി

1. ഋതു നന്ദ ദേവദാസ്
2. ആദിത്യൻ സുഭാഷ്

കൊടുമ്പുഴ കോളനി

1. ദീപ മാത
2. നിഷ ഉണ്ണീരാൻ കല്ലറ


നെല്ലിയായി കോളനി

1. വിവേക് വേലായുധൻ
2. അർജുൻ അനീഷ്

ഈന്തും പാലി കോളനി

1. സുരേഷ് ചന്തൻ


മൊബൈൽ ഫോൺ ഇല്ലാത്ത കോളനികളിലെ വിദ്യാർത്ഥികൾ


കൊടുമ്പുഴ കോളനി

1. രശ്മി രാജേഷ്

കുരീരി കോളനി

1. മീര രാജേന്ദ്രൻ
2. ശ്രീജിൽ ശ്രീകുമാർ
3. അഖിൽ അധീഷ്

പണിയ കോളനി

1. സൃഷിംഗ സോമൻ
2. നിമ്യ ഗിരീഷ്

ഈന്തുപാലി കോളനി

1. അഭിജിത്ത് രാമൻ