തിരൂരങ്ങാടി: കൊവിഡ് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇത്തവണ ഫുട്ബാൾ ആവേശം വീടുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും ഒതുങ്ങുന്നു. യൂറോ, കോപ്പ അമേരിക്ക ടൂർണ്ണമെന്റുകൾക്ക് മുന്നോടിയായി നാടുനീളെ നിറയാറുള്ള ഇഷ്ടടീമുകളുടെയും താരങ്ങളുടെയും ഫ്ളക്സുകളും ഇഷ്ട രാഷ്ട്രങ്ങളുടെ പതാകകളുമൊന്നും ഇത്തവണ തെരുവുവീഥികളിൽ പതിവുപോലെ നിറഞ്ഞിട്ടില്ല. ആരാധകർ തമ്മിൽ മത്സരിച്ച് കൂടുതൽ ഉയരത്തിലും എടുപ്പിലും ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും നെടുങ്കൻ ഫ്ളക്സുകൾ സ്ഥാപിക്കുന്നതാണ് ജില്ലയിലെ പതിവ്. കൊവിഡ് നിയന്ത്രണങ്ങളും പ്രിന്റിംഗ് പ്രസുകൾ പ്രവർത്തിക്കാത്തതും ഫ്ളക്സുകളൊരുക്കാൻ തടസമായി. എങ്കിലും മുൻകാലങ്ങളിൽ അച്ചടിച്ച ഫ്ളക്സുകളും പതാകകളും പൊടിതട്ടിയെടുത്ത് സ്ഥാപിച്ച് ആശ്വാസം കാണുന്നുണ്ട് ചില ക്ളബ്ബുകൾ.
റോഡരികുകളിലും ചായക്കടകളിലും ക്ളബ്ബുകളിലും വായനശാലകളിലും നിറഞ്ഞുനിൽക്കാറുള്ള വാചകക്കസർത്തുകളും തർക്കങ്ങളും വാതുവയ്പ്പുകളും ഒന്നും ഇത്തവണയില്ല. പകരം സോഷ്യൽ മീഡിയയിലാണ് ആരാധകർ ആവേശം അഴിച്ചുവിടുന്നത്. ട്രോളുകളും വെല്ലുവിളികളുമെല്ലാം ഇവിടെ അരങ്ങുതകർക്കുകയാണ്.