fffff

മലപ്പുറം: ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ ഉറപ്പാക്കാൻ തീവ്രശ്രമം നടത്തുമ്പോഴും രണ്ടാം ഡോസിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ് ജില്ലയിൽ. സംസ്ഥാനത്ത് രണ്ടാം ഡോസ് കൊവിഡ് വാക്സിൻ ലഭിച്ചവരുടെ എണ്ണത്തിൽ പിന്നിലാണ് ജില്ല. 7,76,​904 പേർക്ക് ഒന്നാം ഡോസ് ലഭിച്ചപ്പോൾ 1,​56,836 പേർക്കാണ് രണ്ടാം ഡോസ് ലഭിച്ചത്. ആകെ 9,33,740 പേർക്ക്. രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് പത്താം സ്ഥാനത്താണ് ജില്ല. കാസർകോട്,​ വയനാട്,​ പത്തനംതിട്ട,​ ഇടുക്കി ജില്ലകളാണ് മലപ്പുറത്തിന് പിന്നിലുള്ളത്. കൊവിഷീൽഡാണ് ജില്ലയിൽ കൂടുതൽ പേർക്കും ഒന്നാംഡോസായി ലഭിച്ചത്. കോവാക്സിന്റെ ലഭ്യത കുറവായിരുന്നെങ്കിലും ഇപ്പോഴിത് കൂടുതലായി ലഭിക്കുന്നുണ്ട്. അതേസമയം കൊവിഷീൽഡ് സെക്കന്റ്‌ ‌ഡോസ് വേഗത്തിലാക്കാൻ മതിയായ അളവിൽ ലഭിക്കുന്നില്ല.

മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനായി ജില്ലയിൽ 40 വയസ് മുതലുള്ളവർക്ക് ഒന്നാം ഡോസ് വാക്സിൻ വേഗത്തിൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേ‌ർക്ക് വാക്സിൻ ലഭിച്ചത് മലപ്പുറത്തും പാലക്കാടുമാണ്. യഥാക്രമം 12,779,​ 20,973 എന്നിങ്ങനെ. മേയിൽ ദിവസം ശരാശരി 1,​500 പേർക്കാണ് വാക്സിൻ ലഭിച്ചിരുന്നത്. ജൂൺ തുടക്കം മുതൽ 5,​000ത്തിന് മുകളിൽ പേർക്ക് വാക്സിൻ ലഭിക്കുന്നുണ്ട്. ജില്ലയ്ക്ക് വാക്സിൻ ലഭിക്കുന്നതിലെ കുറവ് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹരജി നിലനിൽക്കുന്നുണ്ട്. നിയമസഭയിൽ ജനപ്രതിനിധികളും ഇക്കാര്യം ചൂണ്ടിക്കാട്ടി. മേയ് അവസാന വാരത്തോടെയാണ് ജില്ലയിൽ വാക്സിൻ ലഭ്യത വർദ്ധിച്ചത്. മേയ് 31 വരെ 6,99,038 പേർക്കാണ് വാക്സിൻ ലഭിച്ചത്. ജൂൺ ഒന്നുമുതൽ ഇന്നലെ വരെ 2,34,702 പേർക്കാണ് വാക്സിൻ ലഭിച്ചത്. കൊവിഡ് വാക്സിൻ വിതരണം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഒരുലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാനായി.

45 വയസിന് മുകളിലുള്ളവരാണ് ജില്ലയിലെ കൊവിഡ് രോഗികളിൽ ഭൂരിഭാഗവും. രോഗം ഗുരുതരമാവുന്നതും മരണനിരക്കും ഇവരിലാണ് കൂടുതൽ. 11 ലക്ഷത്തോളം പേരാണ് ഈ പ്രായപരിധിയിൽ ജില്ലയിലുള്ളത്. ഇന്നലെ വരെ ആറര ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകാനായി. നിലവിലെ സാഹചര്യത്തിൽ ജൂലൈ പകുതിയോടെ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും ഒന്നാം ഡോസ് ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. വാക്സിനേഷനായി ജില്ലയിൽ ഒരുക്കിയ 117 സെന്ററുകളിൽ മിക്കതും പ്രവർത്തിക്കുന്നുണ്ട്. ചില സെന്ററുകളിൽ വാക്സിന്റെ ലഭ്യത അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് പ്രവർത്തനം. നേരത്തെ ഒരുകേന്ദ്രത്തിൽ ദിവസം അമ്പതിൽ താഴെ പേർക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ ചുരുങ്ങിയത് നൂറുപേർക്ക് ഒന്നാം ഡോസിന് അവസരം ലഭിക്കുന്നുണ്ട്. അതേസമയം രണ്ടാം ഡോസിന് സമയപരിധി എത്തിയിട്ടും കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്.

ജില്ല ഒന്നാം ഡോസ് രണ്ടാം ഡോസ്

മലപ്പുറം - 7,76,​904 - 1,​56,836

തിരുവനന്തപുരം - 10,83,553 - 2,94,882

കൊല്ലം - 7,18,550 - 2,94,882

പത്തനംതിട്ട - 5,01,421 - 1,49,406

ആലപ്പുഴ - 5,84,623 - 1,65,410

ഇടുക്കി - 3,37,864 - 72,431

കോട്ടയം - 5,96716 - 1,52,298

എറണാകുളം - 11,00601 - 2,66,932

തൃശൂർ - 8,35,671 - 1,95,399

പാലക്കാട് - 5,77,001 - 1,64,444

കോഴിക്കോട് - 8,40,779 - 1,92,517

വയനാട് - 3,16,132 - 89,908

കണ്ണൂർ - 6,95,202 - 1,71,822

കാസർക്കോട് - 4,04,068 - 94,520