nri

ഒന്നോ രണ്ടോ മാസത്തെ ലീവിന് ശേഷം തിരിച്ച് ജോലിയിലേക്ക് പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ നാട്ടിലെത്തിയത്. കൊവിഡിന്റെ ഒന്നാം തരംഗത്തിന് മുൻപെ നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിച്ചവരായിരുന്നു ഇതിൽ ഭൂരിഭാഗവും. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ കേസുകൾ വലിയതോതിൽ ഉയർന്നതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങി കിടന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഇന്ത്യയിൽ ഒന്നാംതരംഗം ശമിച്ചതോടെ നാട്ടിലെ പ്രിയപ്പെട്ടവരെ കാണാനായി പറന്നെത്തിയവർ ഇപ്പോൾ തിരികെ പോവാനാവാതെ കടുത്ത പ്രതിസന്ധിയിലാണ്. രണ്ടാം കൊവിഡ് തംരംഗത്തിന് പിന്നാലെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രധാന ഗൾഫ് രാജ്യങ്ങളെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള സൗദി അറേബ്യയാണ് ആദ്യം വിലക്കേർപ്പെടുത്തിയത്. പിന്നാലെ പ്രവാസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയും. ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ ഇങ്ങനെ പിന്നീട് വിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം കൂടി. ജോലി നഷ്ടപ്പെട്ടും അല്ലാതെയും 2020 മേയ് മുതൽ പതിനാല് ലക്ഷത്തിലധികം പ്രവാസികൾ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് ലക്ഷത്തോളം പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. പ്രവാസം മതിയാക്കി തിരിച്ചെത്തിയവരെ ഒഴിച്ചുനിർത്തിയാലും മൂന്ന് ലക്ഷത്തോളം പേർ മടങ്ങാനാവാതെ പ്രയാസമനുഭവിക്കുകയാണ്. വിസാ കാലാവധി അവസാനിക്കാറായവരും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ളവരും പല രാജ്യങ്ങൾ താണ്ടിയും ഏറെ ക്ലേശങ്ങളും വലിയ തുകയുടെ ഭാരവും സഹിച്ച് ഗൾഫ് രാജ്യങ്ങളിലെത്തി. രണ്ടാം തംരംഗം തലപൊക്കിയതിന് തൊട്ട് മുമ്പായിരുന്നു ഇവരുടെ മടക്കം.

എന്ന് മടങ്ങാനാവും
സൗദി അറേബ്യ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതമായി നീളുകയാണ്. മേയ് അവസാനത്തിൽ വിവിധ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചെങ്കിലും ഇതിൽ ഇന്ത്യ ഉൾപ്പെട്ടില്ല. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ നല്ലൊരു പങ്കും സൗദി അറേബ്യയിലാണ്. സാധാരണക്കാരായ ജോലിക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഭൂരിഭാഗവും. ജൂണിൽ സൗദിയുടെ വിലക്ക് നീങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. എന്നാൽ ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയാതെ വന്നതോടെ വിലക്ക് വീണ്ടും നീട്ടി. ഇന്ത്യയിൽ നിന്ന് നേരിട്ടും ഇന്ത്യയിൽ 14 ദിവസം താമസിച്ചവർക്കുമാണ് സൗദി വിലക്കേർപ്പെടുത്തിയിരുന്നത്. ഇതു മറികടക്കാൻ സൗദി വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളിലെത്തി രണ്ടാഴ്ചത്തെ ക്വാറന്റീന് ശേഷം സൗദിയിലേക്ക് മടങ്ങുകയായിരുന്നു ചെയ്തിരുന്നത്. ബഹറൈൻ,​ യു.എ.ഇ രാജ്യങ്ങളെ ആയിരുന്നു ഇതിനായി പ്രധാനമായും പ്രവാസികൾ ആശ്രയിച്ചിരുന്നത്. താരതമ്യേനെ കുറഞ്ഞ ചെലവിൽ സൗദിയിൽ എത്താമെന്നത് പ്രവാസികൾക്ക് ആശ്വാസമേകിയിരുന്നു. ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ട് ലക്ഷം കവിഞ്ഞതോടെ യു.എ.ഇയും ഇന്ത്യക്കാ‌ർക്ക് വിലക്കേർപ്പെടുത്തി. പിന്നാലെ ബഹറൈനും അതിർത്തിയടച്ചു. ഇന്ത്യക്കാ‌ർക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ ജൂൺ ആദ്യവാരത്തിൽ പിൻവലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. ഇങ്ങനെ എങ്കിൽ യു.എ.ഇയിലെത്തി സൗദിയിലേക്ക് കടക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രവാസികൾക്ക് ഇടിത്തീ സമ്മാനിച്ച് യു.എ.ഇയുടെ വിലക്ക് ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. പ്രവാസികളില്ലാത്ത കുടുംബങ്ങൾ മലപ്പുറത്ത് അപൂർവമാണ്. പ്രധാന വരുമാന മാർഗവും പ്രവാസ ലോകത്തിൽ നിന്നുള്ളതാണ്. സാധാരണക്കാരായ അൺസ്കിൽഡ് ലേബേഴ്സ് ആണ് ഇവരിൽ ഭൂരിഭാഗവും. ജോലിയിലേക്ക് പ്രവേശിക്കുന്നത് ഇനിയും നീണ്ടുപോയാൽ ജീവിതമാർഗം അടയുമെന്ന പേടിയാണ് പ്രവാസികൾക്ക്. പല കമ്പനികളും തിരിച്ചെത്താത്ത ജോലിക്കാരുടെ വിസ റദ്ദാക്കുന്നുണ്ട്.

മടങ്ങാൻ ലക്ഷങ്ങളുടെ ചെലവ്

ഗൾഫ് രാജ്യങ്ങളെല്ലാം ഒരുപോലെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതോടെ മറ്റ് രാജ്യങ്ങളിലെത്തി രണ്ടാഴ്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കി മാത്രമേ നിലവിൽ സൗദിയിലും യു.എ.ഇയിലും എത്താനാവൂ. മാലിയെയും നേപ്പാളിനേയുമായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. നേപ്പാൾ വഴി ചെലവ് ഒരുലക്ഷത്തിൽ താഴെ മതിയെന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ നേപ്പാൾ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. ഇരു രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയ‌ർന്നതോടെ ഈ വഴിയും അടഞ്ഞു. നിലവിൽ എത്യോപ്യ,​ സെർബിയ. റഷ്യ വഴിയാണ് യാത്ര. ഇതിന് രണ്ട് ലക്ഷം രൂപയിലധികം ചെലവ് വരും. കൊച്ചിയിൽ നിന്നാണ് ഈ രാജ്യങ്ങളിലേക്ക് പ്രധാനമായും വിമാനങ്ങളുള്ളത്. ഈ റൂട്ടിൽ സർവീസ് നടത്തുന്നത് വിദേശ വിമാന കമ്പനികളാണ്. ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് എത്താൻ ഈ വഴി മാത്രമേയുള്ളൂ എന്ന തിരിച്ചറിവിൽ അവസരം മുതലെടുക്കുകയാണ് വിമാന കമ്പനികൾ. നേരത്തെ ഉണ്ടായിരുന്ന വിമാന ടിക്കറ്റിന്റെ ഇരട്ടിയിൽ അധികമാണിപ്പോൾ ഈടാക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് ഗൾഫിലെത്താൻ രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിക്കേണ്ട അവസ്ഥയിലാണ്. യു.എ.ഇയിലേക്ക് പതിനായിരം രൂപയ്ക്കുള്ളിലും സൗദിയിലേക്ക് ശരാശരി 20,​000 രൂപയ്ക്കും ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. കൊവിഡിന് മുമ്പ് സീസൺ മുതലെടുത്ത് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്തിരുന്നു. യു.എ.ഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കാൽലക്ഷത്തിന് മുകളിലും സൗദിയിലേക്ക് അരലക്ഷവും ആയി ഉയർത്തി ആയിരുന്നു ഈ പകൽ കൊള്ള. കൊവിഡ് തരംഗത്തിന് പിന്നാലെ ഈ കൊള്ള വിദേശ വിമാന കമ്പനികൾ ഏറ്റെടുത്തു. ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് നിരക്ക് നിശ്ചയിക്കുന്നതിൽ കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കൊവിഡ് കാലത്തെ കൊള്ള അവസാനിപ്പിക്കാൻ ഇടപെടണമെന്നുമാണ് പ്രവാസികളുടെ ആവശ്യം. ഇതിനൊപ്പം രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിയവർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപോവാൻ ഇളവ് അനുവദിക്കാൻ കേന്ദ്രസർക്കാർ തലത്തിൽ ചർച്ച നടത്തണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.

ചില്ലറയല്ല തിരിച്ചെത്തിയവർ

കൊവിഡിന് പിന്നാലെ പത്ത് ലക്ഷത്തിലധികം പ്രവാസികളാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലെത്തിയത്. 2021 മേയ് മുതൽ ഇതുവരെ 14,46,297 പേരാണ് 20 വിദേശ രാജ്യങ്ങളിൽ നിന്നായി തിരിച്ചെത്തിയത്. ഇതിൽ 10.32 ലക്ഷം പേർ ജോലി നഷ്ടപ്പെട്ട് തിരിച്ച് എത്തിയതാണെന്നാണ് നോർക്കയുടെ കണക്ക്. 2.87 ലക്ഷം പേർ അവധിക്ക് നാട്ടിൽ എത്തിയവരാണ്. ജോലി നഷ്ടമായി ഏറ്റവും കൂടുതൽ പേർ തിരിച്ചെത്തിയത് മലപ്പുറത്താണ്. രണ്ട് ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടമായി. മലപ്പുറത്തിന് പുറമെ കോഴിക്കോട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ജോലി നഷ്ടപ്പെട്ടവർ കൂടുതലുള്ളത്.