murder

പെരിന്തൽമണ്ണ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വീട്ടിൽ കയറി യുവാവ് കുത്തിക്കൊന്ന ഏലംകുളം എളാട് കൂഴന്തറ സ്വദേശിയും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായ ദൃശ്യയുടെ(21) ശരീരത്തിൽ 22 മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ആഴത്തിലേറ്റ മുറിവുകാരണം ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം. നെഞ്ചിൽ നാലുതവണയും വയറിൽ മൂന്നുതവണയും കുത്തിയിട്ടുണ്ട്. അടുക്കള വഴി ദൃശ്യയുടെ വീട്ടിൽ കയറിയ പ്രതി വിനീഷ് വിനോദ് അവിടെയുണ്ടായിരുന്ന വീതി കുറഞ്ഞ, നീളം കൂടിയ കത്തിയെടുത്താണ് ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാൾ നല്ലതെന്ന് തോന്നിയാണ് എടുത്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നലെ ദൃശ്യയുടെ വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു.

ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരി ഒമ്പതാം ക്ലാസുകാരി ദേവശ്രീ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തു.

കൊലപാതകത്തിന് തലേന്ന് രാവിലെ മഞ്ചേരി നറുകരയിലെ വാടകവീട്ടിൽ നിന്ന് നടന്നും ലിഫ്റ്റ് ചോദിച്ച് ചരക്കുലോറിയിലും ബൈക്കിലുമായി യാത്ര ചെയ്തുമാണ് വൈകുന്നേരത്തോടെ വിനീഷ് പെരിന്തൽമണ്ണയിലെത്തിയത്. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട ശേഷം നഗരത്തിൽ തന്നെ നിന്നു. രാത്രി 15 കിലോമീറ്ററോളം നടന്ന് ദൃശ്യയുടെ വീടിന്റെ സമീപത്തെത്തി.അടുത്തുള്ള റബർ തോട്ടത്തിലും മറ്റുമായി ഒളിച്ചിരുന്നു. രാവിലെ ദൃശ്യയുടെ പിതാവ് പുറത്തേക്ക് പോയതോടെയാണ് വീട്ടിൽ കയറിയത്. കട കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും ധരിച്ചിരുന്ന ചെരുപ്പും മാസ്‌കും ദൃശ്യയുടെ വീട്ടിൽ ഉപേക്ഷിച്ചിരുന്നത് പൊലീസ് കണ്ടെടുത്തു.

തെളിവെടുപ്പ് വിവരമറിഞ്ഞ് നാട്ടുകാർ രോഷാകുലരായി തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

രാവിലെ പത്തിനാരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. ഉച്ചയ്ക്കു ശേഷം വൈദ്യപരിശോധന നടത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച രാത്രിയാണ് ദൃശ്യയുടെ മൃതദേഹം സംസ്കരിച്ചത് .

 കടയിലെ നഷ്ടം 50 ലക്ഷം

ദൃശ്യയെ ആക്രമിക്കാനുള്ള അനുകൂല സാഹചര്യമൊരുക്കാനാണ് പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സി.കെ ടോയ്സ് എന്ന കടയ്ക്ക് വിനീഷ് തീയിട്ടത് .കട പൂർണ്ണമായും അഗ്നിക്കിരയായി. അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ട്. ബാലചന്ദ്രന്റെയും സഹോദരൻമാരടങ്ങുന്ന നാല് കുടുംബങ്ങളുടെയും ജീവിതോപാധിയായിരുന്നു കട.

കടയുടെ പിന്നിലെ മതിലിൽ കയറി കാർഡ് ബോർ‌ഡ് ഷീറ്റ് കത്തിച്ച് കടയ്ക്കുള്ളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട ഭാഗത്തേക്ക് എറിഞ്ഞാണ് കത്തിച്ചതെന്ന് പ്രതി സമ്മതിച്ചു.

പെൺകുട്ടികളെ ശല്യപ്പെടുത്തുന്നതായി പരാതി ലഭിച്ചാൽ പ്രതിസ്ഥാനത്തുള്ളവരുടെ മാനസികനില വിശദമായി പരിശോധിക്കാൻ പൊലീസ് ശ്രദ്ധിക്കണം. പെരുമാറ്റം, ജീവിത സാഹചര്യം, കുടുംബപശ്ചാത്തലം എന്നിവ കണക്കിലെടുത്ത് മാനസികനില വിലയിരുത്തുന്നത് നന്നായിരിക്കും. കാര്യങ്ങൾ മാതാപിതാക്കളോട് തുറന്നുപറയാൻ പെൺകുട്ടികളും നിയമസംവിധാനം ഉപയോഗപ്പെടുത്താൻ രക്ഷിതാക്കളും മുൻകൈ എടുക്കണം.

- ഡോ.ആഷിഷ് നായർ,​

സൈക്ക്യാട്രിസ്റ്റ് (എം.ഡി)​,​

ഇ.എം.എസ് ഹോസ്പിറ്റൽ,​ പെരിന്തൽമണ്ണ