kkk
ത​ണ്ണീ​ർ​ ​കു​ടി​യ​ന്റെ​ ​മൊ​യ്തീ​ൻ​ ​ബാ​വ​യും പ​ഴ​യ​പു​ര​യ്ക്ക​ൽ​ ​ഹം​സ​യും ദുരിതാശ്വാസ ക്യാമ്പിൽ

പൊന്നാനി: പൊട്ടിപ്പൊളിഞ്ഞ തറ, കാട് മൂടിയ പരിസരം, വിഷപ്പാമ്പുകളുടെ സ്ഥിരം സാന്നിദ്ധ്യം, കൊതുകുകളുടെ കൂത്താട്ടം... ഇവയ്ക്കു നടുവിലാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി രണ്ട് കുടുംബങ്ങൾ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. എല്ലാം ഉള്ളവരായിരുന്നു ഇവർ. അപ്രതീക്ഷിതമായെത്തിയ തിരമാലകളാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പിലെ ദുരിതങ്ങളിലേക്കെത്തിച്ചത്. പൊന്നാനി നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലുള്ള തണ്ണീർ കുടിയന്റെ മൊയ്തീൻ ബാവയ്ക്കും പഴയപുരയ്ക്കൽ ഹംസയ്ക്കും ഒരൊറ്റ ആഗ്രഹമേയുള്ളൂ. സ്വസ്ഥമായി മരിക്കാൻ ഒരിടം.

രണ്ടുവർഷം മുന്നത്തെ കടലാക്രമണത്തിലാണ് ഇവർക്ക് വീടുകൾ നഷ്ടമായത്. ഹിളർ പള്ളിയുടെ പിൻവശമാണ് ബാവയും ഭാര്യ ആമിനുവും താമസിച്ചിരുന്നത്. 13 സെന്റ് ഭൂമിയിലായിരുന്നു വീട്. 40 കൊല്ലം താമസിച്ച വീടാണ് ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്ക് കടലിന്റെ ഭാഗമായത്. ഹംസയും ഭാര്യ നഫീസയും ഹിളർ പള്ളിയോടു ചേർന്ന 19 സെന്റ് ഭൂമിയിലെ വീട്ടിലായിരുന്നു താമസം. വലിയൊരു വീടും ചുറ്റും 16 തെങ്ങുമുണ്ടായിരുന്നു. ഭൂമിയടക്കം എല്ലാം കടലെടുത്തു. 47 കൊല്ലം താമസിച്ച വീടായിരുന്നു അത്.

ഭവനരഹിതരാക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയതോടെ ദുരിതങ്ങളുടെ കുത്തൊഴുക്കാണ് ഇവരെ സ്വീകരിച്ചത്. രണ്ട് ഹാളുകളിലായാണ് ഇവരുടെ താമസം. കിടക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമൊക്കെ ഹാളിൽ തന്നെ. തറയാകെ പൊട്ടിപ്പൊളിഞ്ഞ് കുഴിയായ നിലയിലായിരുന്നു. കടപ്പുറത്തു നിന്ന് മണൽ കൊണ്ടുവന്ന് നിറച്ച് അതിനു മുകളിൽ കട്ടിലിട്ടാണ് കിടത്തം. മഴ ശക്തമായതോടെ വെള്ളം മുഴുവൻ ഹാളിനകത്താണ്. അടുപ്പ് കത്തിക്കാനാവില്ല. പരിസരമാകെ കാട് മൂടിയിട്ടുണ്ട്. വെള്ളക്കെട്ടും രൂക്ഷം. വിഷപ്പാമ്പുകൾ ഹാളിലേക്കെത്തുന്നത് പതിവാണ്. കുളിമുറിയും കക്കൂസും പുറത്തായതിനാൽ പാമ്പിനെ പേടിച്ച് പോകാറില്ല. തൊട്ടടുത്ത വീടുകളിലാണ് പ്രാഥമിക കർമ്മം നിർവ്വഹിക്കാൻ ഇവർ പോകാറുള്ളത്. രാത്രിയിൽ ഇത് സാദ്ധ്യമാകാറില്ല.