തിരൂരങ്ങാടി : ഹയർ സെക്കൻഡറിക്ക് പഠിക്കുമ്പോൾ വാഹനാപകടത്തിൽ അരയ്ക്കു താഴെ തളർന്ന ചെറുമുക്ക് പള്ളിക്കത്താഴത്തെ ഹനീഫയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ ഊന്നുവടിയായത് പുസ്തകങ്ങളാണ്. വായിച്ചും വായിപ്പിച്ചുമാണ് ഇന്ന് ഹനീഫയുടെ ജീവിതം മുന്നേറുന്നത്.
ഏഴാംക്ലാസിൽ പഠിക്കുമ്പോഴേ റെൻഡിംഗ് ലൈബ്രറി എന്ന പേരിൽ ഹോം ലൈബ്രറി സജ്ജീകരിച്ചിരുന്നു. യാത്രയ്ക്കിടെ ഓട്ടോറിക്ഷ മറിഞ്ഞ് വാരിയെല്ലിന് ക്ഷതമേറ്റ് ജോലിക്ക് പോവാൻ പറ്റാതെയായതോടെ പുസ്തകങ്ങളായി കൂട്ടുകാർ. മൂന്നിയൂർ ആലിൻചുവടിൽ ടെലിഫോൺ ബൂത്ത് നടത്തിയപ്പോൾ അനുബന്ധമായി ലൈബ്രറിയുമുണ്ടാക്കി. ലൈബ്രറിയിലുണ്ടായിരുന്ന 2,000ത്തോളം പുസ്തകങ്ങളും ഹനീഫ വായിച്ചുതീർത്തു. ഇപ്പോൾ അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഹനീഫയുടെ ശേഖരത്തിലുണ്ട്. അദ്ധ്യാപകനായ വിജയന്റെ പ്രോത്സാഹനമാണ് വായനയിലേക്ക് അടുപ്പിച്ചത്. മറ്റു അദ്ധ്യാപകരുടെ പ്രോത്സാഹനവും വ്യത്യസ്ത സാഹിത്യകൃതികളിലേക്കെത്തിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാളത്തിൽ ബിരുദം നേടി.ഒരു ദിവസം ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രമിക്കും. ലൈബ്രറികൾക്കും സ്ഥാപനങ്ങൾക്കുമായി ഒന്നര ലക്ഷത്തിലേറെ രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകി.വായിച്ചു കഴിഞ്ഞ പുസ്തകങ്ങളെല്ലാം സൗജന്യമായോ കുറഞ്ഞ വിലക്കോ ലൈബ്രറികൾക്കു നൽകും.വായിച്ച പുസ്തകങ്ങളെപ്പറ്റി കുറിപ്പുമെഴുതും. 3567 പുസ്തകങ്ങൾക്കാണ് ഇതുവരെ കുറിപ്പെഴുതിയിട്ടുള്ളത്.
മൂന്ന് വർഷം തിരൂരങ്ങാടി യങ്മെൻസ് പബ്ലിക് ലൈബ്രറിയിൽ അസി. ലൈബ്രേറിയനായിരുന്നു.യാത്രാ പ്രിയൻ കൂടിയാണ് ഹനീഫ. മുച്ചക്ര സ്കൂട്ടറിൽ മഹാരാഷ്ട്ര വരെ സാഹസികയാത്ര നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിൽ മലയാള വേദിയുടെ വായന വാരാചരണം ഉദ്ഘാടനം ചെയ്തതുംഹനീഫയായിരുന്നു.