llll

മലപ്പുറം: ജൂണിൽ പെയ്യാൻ മടിച്ച് ആഗസ്റ്റിൽ പെരുമഴയായി മൺസൂൺ തിമിർത്താടിയ കാഴ്ചയായിരുന്നു കഴിഞ്ഞ മൂന്ന് വർഷങ്ങളിലും. ഈ മൺസൂൺ സീസണും ഇതിൽ നിന്ന് വിഭിന്നമല്ലെന്നാണ് മഴ കണക്കുകൾ തെളിയിക്കുന്നത്. മൺസൂൺ മൂന്നാഴ്ച പിന്നിടുമ്പോഴും 16 ശതമാനം മഴക്കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താരതമ്യേന ഭേദപ്പെട്ട മഴ ലഭിച്ചതാണ് ഏക ആശ്വാസം. നേരത്തെ 30 ശതമാനത്തിന് മുകളിലായിരുന്നു മഴക്കുറവ്. പ്രളയം നാശം വിതച്ച മുൻവർഷങ്ങളിലും ജൂണിൽ മഴ പെയ്യാൻ മടിച്ചിരുന്നു. ജൂലൈയിൽ ഭേദപ്പെട്ട മഴ ലഭിച്ചു. ആഗസ്റ്റിൽ അതിശക്തമായ മഴയും. കാലാവസ്ഥ വ്യതിയാനത്തിലെ ഈ മാറ്റമാണ് ജൂണിലെ മഴക്കുറവിൽ ആശങ്ക സൃഷ്ടിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 165.9 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ172.2 മില്ലീമീറ്റർ ലഭിച്ചു. മഴയിൽ നാല് ശതമാനത്തിന്റെ വർദ്ധനവ്. കണ്ണൂർ,​ കോഴിക്കോട്,​ എറണാകുളം,​ കോട്ടയം ജില്ലകളിലാണ് ഇക്കാലയളവിൽ മികച്ച മഴ ലഭിച്ചത്. കോട്ടയത്ത് പ്രതീക്ഷിച്ചതിന്റെ 60 ശതമാനം അധിക മഴ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട്ട് 19 ശതമാനവും. ജൂൺ ഒന്നുമുതൽ ഇതുവരെ ജില്ലയിൽ 303 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 255.4 മില്ലീമീറ്ററും. ഈ ആഴ്ച താരതമ്യേന മികച്ച മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്.

മുന്നറിയിപ്പുകൾക്കിടയിലും മഴയില്ല