ffff
.

മലപ്പുറം: എൽ.പി.എസ്.എ മുഖ്യ റാങ്ക് ലിസ്റ്റ് പി.എസ്.സി വെട്ടിച്ചുരുക്കിയതോടെ ജില്ലയിലെ എൽ.പി. സ്കൂളുകളിലെ അദ്ധ്യാപകരുടെ കുറവ് നികത്താനാവില്ല. 2019 വരെ ജില്ലയിൽ 428 അദ്ധ്യാപകരുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡിനെ തുടർന്ന് 2020,​ 21 വർഷങ്ങളിൽ കണക്കെടുപ്പ് നടത്തി സ്റ്റാഫ് ഫിക്സേഷൻ പൂർത്തീകരിച്ചിട്ടില്ല. റിട്ടയർമെന്റ്,​ എച്ച്.എം പ്രമോഷൻ,​ ഇന്റർ ഡിസ്ട്രിക്ട് ട്രാൻസ്ഫർ വഴിയുണ്ടാവുന്ന ഒഴിവുകൾക്ക് പുറമെയാണിത്. 2,​000ത്തിന് മുകളിൽ ഒഴിവുകൾ ഉണ്ടാവുമെന്നാണ് ഉദ്യോഗാർത്ഥികളുടെ കണക്കുകൂട്ടൽ. എന്നാൽ 1,​000 പേരെ മാത്രം ഉൾപ്പെടുത്തി മുഖ്യറാങ്ക് ലിസ്റ്റ് തയ്യാറാക്കാനാണ് പി.എസ്.സിയുടെ തീരുമാനം. സപ്ലിമെന്ററി ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും. മുഖ്യ ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ തീരുന്നതോടെ സപ്ലിമെന്ററി ലിസ്റ്റും ഇല്ലാതാവുമെന്നതിനാൽ ഫലത്തിൽ ഇതുകൊണ്ട് പ്രയോജനവുമുണ്ടാവില്ല.

നിലവിലെ എൽ.പി.എസ്.എ മുഖ്യ റാങ്ക് ലിസ്റ്റിലെ മുഴുവൻ പേർക്കും എട്ട് മാസത്തിനകം തന്നെ നിയമനം ലഭിച്ചിട്ടുണ്ട്. 1,​179 പേർ ജോലിയിൽ പ്രവേശിച്ചു. മുഖ്യ റാങ്ക് ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താത്തതിനാൽ മുഴുവൻ ഒഴിവുകളും നികത്താനായില്ല. ഒരു റാങ്ക് ലിസ്റ്റിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. പുതിയ റാങ്ക് ലിസ്റ്റിലും ഇതുതന്നെ ആവർത്തിക്കുമ്പോൾ ജില്ലയിലെ എൽ.പി. സ്കൂളുകളിലെ അദ്ധ്യാപക ഒഴിവുകൾ ഇനിയും നികത്താനാവാതെ പോവും. ശരാശരി അഞ്ച് വർഷത്തെ ഇടവേളയിലാണ് പരീക്ഷ നടക്കുന്നത്. 2014ന് ശേഷം 2019ൽ ആണ് എൽ.പി.എസ്.എ പരീക്ഷ നടന്നത്. ഈ സാഹചര്യത്തിൽ പ്രതീക്ഷിത ഒഴിവുകൾ കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് പട്ടിക വിപുലപ്പെടുത്തിയിട്ടില്ലെങ്കിൽ തിരിച്ചടിയാവും. അദ്ധ്യാപകരുടെ കുറവ് ഓൺലൈൻ ക്ലാസുകളുടെ താളം തെറ്റിക്കുന്നുണ്ട്. ഒന്നിലധികം ക്ലാസുകളുടെ ചുമതല നൽകിയാണിപ്പോൾ മുന്നോട്ടുപോവുന്നത്. ഇതുമൂലം കുട്ടികളെ യഥാവിധി ശ്രദ്ധിക്കാനാവുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അദ്ധ്യാപക‌ർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളേകിയുള്ള ഓൺലൈൻ പഠന രീതിയാണിപ്പോൾ നടപ്പാക്കുന്നത്. കൊവിഡിന് മുമ്പ് താത്കാലിക അദ്ധ്യാപകരെ നിയമിച്ചാണ് അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. കൊവിഡ് സാഹചര്യത്തിൽ ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശം ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഒന്നാംക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത് മലപ്പുറത്താണ്.

എന്തെല്ലാം ന്യായങ്ങൾ

മുൻ വർഷങ്ങളിലെ റാങ്ക് പട്ടികയിലെ അബദ്ധങ്ങൾ തിരുത്തുന്നതിന് പകരം പുതിയ പട്ടികയിലും ഇതാവർത്തിക്കുകയാണ് ചെയ്തത്. എൽ.പി.എസ്.എ റാങ്ക് ലിസ്റ്റിലെ നല്ലൊരു വിഭാഗം ഉദ്യോഗാർത്ഥികൾ ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന യു.പി.എസ്.എ ലിസ്റ്റിലും ഉൾപ്പെടുമെന്നതിനാൽ മുഖ്യറാങ്ക് പട്ടികയിൽ ആളുകൾ വീണ്ടും കുറയും. പുതിയ എൽ.പി.എസ്.എ റാങ്ക് ലിസ്റ്റ് വിപുലപ്പെടുത്താൻ പി.എസ്.സി അധികൃതർ തയ്യാറാവണം.

സി.കെ. റജീന,​ മലപ്പുറം എൽ.പി.എസ്.എ കൂട്ടായ്മ കൺവീനർ