ചങ്ങരംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരി വിദ്യാർത്ഥിനിയടക്കം നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്താവൂരിലെ മണക്കടവത്ത് ഉണ്ണിക്കൃഷ്ണൻ-സുശീല ദമ്പതികളുടെ മകൾ ഹർഷയ്ക്കാണ്(10) ആദ്യം കടിയേറ്റത്. തുടർന്ന് മണക്കടവത്ത് വാസുവിന്റെ മക്കളായ സജീഷ് (36), സുധീഷ് (34) എന്നിവരെയും നായ കടിച്ചു. വീടിന്റെ ഉമ്മറത്ത് വിശ്രമിക്കുമ്പോഴാണ് സജീഷിന് കാലിന് കടിയേറ്റത്. നായയെ ഓടിക്കാൻ ശ്രമിച്ച സുധീഷിനും കടിയേറ്റു. മൂന്നുപേരെയും പൊന്നാനി ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചൊവ്വാഴ്ച രാത്രി പന്താവൂരിലെ പൂക്കൈതക്കുളത്തിനടുത്ത് താമസിക്കുന്ന കരിവാന്റെ വളപ്പിൽ സുബൈറിനും(48) കടിയേറ്റിരുന്നു. രാത്രി ഒമ്പതോടെ വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് നായ കടിച്ചത്. സുബൈർ ആശുപത്രിയിലെത്തി ചികിത്സ തേടി. പന്താവൂരിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്.