prathi

പെരിന്തൽമണ്ണ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് എൽ.എൽ.ബി വിദ്യാർത്ഥിനിയെ കുത്തിക്കൊന്ന കേസിലെ പ്രതി വിനീഷ് വിനോദ് മഞ്ചേരി സബ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സെല്ലിൽ രാത്രി കത്തിക്കാൻ നൽകിയ കൊതുകുതിരി വിഴുങ്ങിയാണ് ആത്മഹത്യാശ്രമം. ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജയിൽ അധികൃതർ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അപകടനില തരണം ചെയ്ത പ്രതിയുടെ ആരോഗ്യനിലയ്ക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വിപുലമായ തെളിവെടുപ്പിനും മറ്റുമായി ഇന്നലെ കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് ആത്മഹത്യാശ്രമമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു. ആത്മഹത്യാ പ്രവണത കാണിക്കുന്നതിനാൽ വിനീഷിന്റെ സെല്ലിന് പ്രത്യേക കാവൽ എർപ്പെടുത്തിയിരുന്നു. ഏലംകുളം എളാട് കുഴന്തറ ചെമ്മാട് വീട്ടിൽ ബാലചന്ദ്രന്റെ മൂത്തമകൾ ദൃശ്യയാണ്(21) ജൂൺ 17ന് കുത്തേറ്റ് മരിച്ചത്.