gtgggg
പി.ഉബൈദുള്ള എം.എൽ.എ യുടെ നേതൃത്വത്തിൽ കെ.എസ് ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ മലപ്പുറം ഡിപ്പോ സന്ദർശിച്ച് ‌പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നു.

മലപ്പുറം: മലപ്പുറം കുന്നുമ്മലിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കി ജനുവരിയിൽ പ്രവർത്തനം തുടങ്ങും. ജൂൺ എട്ടിന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗ തീരുമാന പ്രകാരം കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ മലപ്പുറം ഡിപ്പോ സന്ദർശിച്ച് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് ജൂൺ 30നകം തയ്യാറാക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥ സംഘം മലപ്പുറം ഡിപ്പോ സന്ദർശിച്ചത്.

70 ശതമാനം പണികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ, യാർഡ്, ഫ്‌ളോറിംഗ്, പെയിന്റിംഗ് , അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

11 നിലകളിലായി ടെർമിനൽ നിർമ്മിക്കാനായിരുന്നു തുടക്കത്തിൽ പദ്ധതിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇത് നാല് നിലയാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണത്തിന് എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപ അനുവദിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിക്കുന്നത് വരെ എല്ലാ ഓഫീസുകളും പുതിയ കെട്ടിടത്തിലെ താത്കാലിക സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. നിലവിൽ ട്രാൻസ്‌പോർട്ട് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് യാർഡ് നിർമ്മിക്കുന്നത്. 2.25 ഏക്കർ സ്ഥലത്ത് പെട്രോൾ പമ്പടക്കമുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാൽ കൺസൾട്ടിംഗ് ഏജൻസിയായ എച്ച്.എൽ.എൽ കമ്പനിയുടെ നേതൃത്വത്തിൽ സ്ഥലം സർവേ ചെയ്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പെട്രോൾ, ഡീസൽ,​ സി.എൻ.ജി യൂണിറ്റുകൾ ഒന്നര വർഷത്തിനകം യാഥാർത്ഥ്യമാക്കും.

കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ കെ.എ.സന്തോഷ് കുമാർ, കൺസൾട്ടിംഗ് ഏജൻസിയായ എച്ച്.എൽ.എൽ ഡെപ്യൂട്ടി മാനേജർ ഹരികൃഷ്ണൻ, ചീഫ് കൺസൾട്ടന്റ് ജീവൻരാജ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.

പറഞ്ഞത് നടന്നില്ല

7.90 കോടി രൂപ ചെലവിൽ നാല് നിലകളിലായാണ് ടെർമിനൽ നിർമ്മിച്ചിട്ടുള്ളത്.

പാതിവഴിയിൽ നിറുത്തിവച്ച ടെർമിനൽ നിർമ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ഗതാഗത മന്ത്രി ആന്റണി രാജുവിനോട് ഉന്നയിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ചെയർമാൻ ബിജുപ്രഭാകർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി തടസ്സങ്ങളില്ലാതെ വേഗത്തിൽ യാഥാർത്ഥ്യമാവുമെന്ന വിശ്വാസത്തിലാണ്.

പി.ഉബൈദുള്ള എം.എൽ.എ