പെരിന്തൽമണ്ണ: റോഡിലെ കുഴിയിൽ വീണ് സുഹൃത്തിന് അപകടം സംഭവിച്ചത് പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്കിൽ പരാതിയായി കുറിച്ചതോടെ അടിയന്തിര നടപടി. ചെർപ്പുളശേരി പെരിന്തൽമണ്ണ റോഡിൽ പാലോളി പറമ്പിന് മുമ്പുള്ള വലിയ കുഴിയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം അതിവേഗത്തിൽ അടച്ചത്. കുഴിയിൽ വാഹനങ്ങൾ വീണ് അപകടം സംഭവിക്കുന്നത് പതിവാണ്. ഇത്തരത്തിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന്റെ സുഹൃത്താണ് ഈ കുഴിയുടെ കാര്യം മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പരാതിയായി ഉന്നയിച്ചത്. തന്റെ സുഹൃത്ത് അപകടത്തിൽപെട്ടതിന് തൊട്ടുപിന്നാലെ മറ്റൊരു വണ്ടിയും കൂടാതെ ഇതേദിവസം മാത്രം അഞ്ച് വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടായി എന്നായിരുന്നു പരാതി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് കംപ്ലെയിന്റ് സെൽ വഴി അടിയന്തിര പരിഹാരത്തിന് നിർദ്ദേശമേകി. മന്ത്രി തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വരുന്ന പരാതികളും മെയിലിൽ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നൽകുന്നതിന് തന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പല പരാതികളിലും നേരിട്ട് ബന്ധപ്പെടാൻ ബുദ്ധിമുട്ടുള്ളതായി അധികൃതർ അറിയിച്ചതിനാൽ ഇനി മുതൽ പരാതികൾ കമന്റ് ചെയ്യുന്നവർ ഫോൺ നമ്പർ കൂടി ഉൾപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.