mani-c-kappan

മലപ്പുറം: എൻ.സി.പിയുമായി വിയോജിച്ച് മാണി സി.കാപ്പന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരളയിൽ (എൻ.സി.കെ) നിന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം പ്രധാന നേതാക്കൾ രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കാപ്പന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിച്ചാണ് തീരുമാനമെന്ന് രാജിവച്ചവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബാബു കാർത്തികേയൻ, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ്, സെക്രട്ടറി എ.കെ.ജി. ദേവദാസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ കൊച്ചു ദേവസി തുടങ്ങിയവരാണ് പാർട്ടി വിടുന്നതായി അറിയിച്ചത്. തിരഞ്ഞെടുപ്പിനു ശേഷം കാപ്പൻ മുംബയിലെത്തി എൻ.സി.പി നേതാക്കളെ കണ്ടതും യു.ഡി.എഫിനെതിരെ പ്രസ്താവന ഇറക്കിയതുമെല്ലാം പാർട്ടിയുമായി ആലോചിക്കാതെയാണ്. ഇനി ഏതു പാർട്ടിയിൽ ചേരുമെന്നത് കൂട്ടായി തീരുമാനമെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.