dengue

പാലക്കാട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും രോഗം വന്നാൽ മാരകമായേക്കാം. വീടിന്റെയും സ്ഥാപനത്തിന്റെയും പരിസരത്ത് കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയും ഡെങ്കിപ്പനി വരാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യം വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

കാലവർഷം ശക്തമായാൽ പനി കേസുകളുടെ എണ്ണവും വർദ്ധിക്കും. മുൻവർഷങ്ങളിൽ ഡെങ്കിപ്പനി മരണങ്ങൾ കൂടുതലായിരുന്നു, ഇത്തവണ അതൊഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വീടിനുചുറ്റും പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങൾ, ചിരട്ട മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ വലിച്ചെറിയുന്നത് ഒഴിവാക്കണം. ടെറസിലും സൺഷെയ്ഡിലും വെള്ളംകെട്ടി നിൽക്കാൻ അനുവദിക്കരുത്. ഫ്ലവർ വെയ്‌സ്, റഫ്രിജറേറ്ററിനു പുറകിലുള്ള ട്രേ, എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ പൂർണമായും നീക്കം ചെയ്യണം. വാട്ടർ ടാങ്കുകൾ അടച്ചു സൂക്ഷിക്കുകയോ കൊതുകുവല കൊണ്ട് മൂടുകയോ ചെയ്യണം. പാചകത്തിനും മറ്റുമായി വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ, കൊതുക് കടക്കാത്ത രീതിയിൽ നന്നായി അടച്ചുവെച്ചും രോഗംവരാതെ സൂക്ഷിക്കാം. തോട്ടങ്ങളിൽ കൊതുകു വളരാനുള്ള സാഹചര്യം ഒഴിവാക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 ലക്ഷണങ്ങൾ

1. തീവ്രമായ പനി
2. കടുത്ത തലവേദന
3. കണ്ണുകൾക്ക് പിന്നിൽ വേദന
4. പേശികളിലും സന്ധികളിലും വേദന
5. നെഞ്ചിലും മുഖത്തും അഞ്ചാംപനി പോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ
6.ഓക്കാനവും ഛർദ്ദിയും.

 തീവ്രമായ രോഗലക്ഷണങ്ങൾ

1. വിട്ടുമാറാത്ത അസഹനീയമായ വയറുവേദന
2. മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം
3. രക്തത്തോട് കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദ്ദി
4. കറുത്ത നിറത്തിൽ മലം പോവുക
5. അമിതമായ ദാഹം (വായിൽ വരൾച്ച)
6. നാഡിമിടിപ്പ് കുറയൽ
7. ശ്വാസോച്ഛാസത്തിന് വൈഷമ്യം
8. ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക
9. അസ്വസ്ഥത, ബോധക്ഷയം.