devika
ദേവിക

വടക്കഞ്ചേരി: ചിത്രം വരച്ച് സമൂഹമാദ്ധ്യമത്തിലൂടെ വില്പന നടത്തിയ തുക കൊവിഡ് ദുരിതാശ്വാസത്തിന് നൽകി അമേരിക്കയിലെ 11-ാംതരം വിദ്യാർത്ഥി. അയിലൂർ സ്വദേശി അജിത് കുമാറിന്റെയും സൂനജയുടെയും മകളായ ദേവികയാണ് അയിലൂർ പഞ്ചായത്തിന് കരുതലുമായെത്തിയത്. അമേരിക്കയിലെ സിയാറ്റിലിൽ താമസിക്കുന്ന ദേവിക വാഷിംങ്ടൺ നോർത്ത് ക്രീക്ക് ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്.

ചെറുപ്പം മുതൽ ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച ദേവിക ഗുരുവിന് കീഴിൽ പഠിച്ചിട്ടില്ല. രക്ഷിതാക്കളുടെ പിന്തുണയും ചിത്രകലാ സംബന്ധമായ വീഡിയോകളും കണ്ട് സ്വയം പഠിച്ചെടുക്കുകയായിരുന്നു. ചിത്രം വരയിൽ മികവ് കണ്ടെത്തിയതിനെ തുടർന്ന് അദ്ധ്യാപകരുടെ ശുപാർശയോടെ ഹൈസ്‌കൂളിൽ അഡ്വാൻസ്ഡ് ആർട്ട് ക്ലാസിൽ പ്രവേശനം ലഭിച്ചതോടെ ഏറെ മികവ് നേടി. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ദേവികയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ വിവിധ സ്‌കോളർഷിപ്പുകളും ലഭിച്ചു.
വരക്കുന്ന ചിത്രങ്ങൾ ലേലം ചെയ്തു കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. കെയർ ആന്റ് ഷെയർ എന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് ചിത്രങ്ങൾ ലേലത്തിന് വെച്ചത്. ഇതുവഴി ലഭിച്ച 3.25 ലക്ഷം രൂപ ഞായറാഴ്ച കൈമാറും. ചിത്രംവര കൂടാതെ നൃത്തത്തിലും അഭിനയത്തിലും താല്പര്യമുള്ള ദേവിക ഏഴുവർഷമായി ഭരതനാട്യം അഭ്യസിക്കുന്നുണ്ട്.