പാലക്കാട്: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ശുചീകരണ കാമ്പെയിന് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, ആരോഗ്യവകുപ്പ്, എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പെയിൻ സംഘടിപ്പിക്കുന്നത്. ഇന്ന് പൊതുസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും, നാളെ വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ ഒഴിവാക്കുക, കൊതുക് നശീകരണം, രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക, മഴക്കാല രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വം ഉറപ്പാക്കുക എന്നിവയാണ് ശുചീകരണ ക്യാമ്പെയിനിന്റെ ലക്ഷ്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഹരിതകർമ്മസേനയുൾപ്പെടെയുള്ള പ്രവർത്തകർക്ക് ആവശ്യമായ ഗ്ലൗസ്, പ്രതിരോധ ഉപകരണങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കും. വാർഡ് സാനിറ്റേഷൻ സമിതി അംഗങ്ങൾ, സ്ഥാപന മേധാവികൾ, ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ക്ലബ്ബുകൾ, വീടുകൾ, റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ജില്ലാ പഞ്ചായത്തിൽ നടന്ന പരിപാടിയിൽ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ശുചിത്വമിഷൻ അസി.കോർഡിനേറ്റർ സി.ദീപ, സ്‌മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ് ചീഫ് എൻജിനീയർ ഇ.സി പത്മരാജൻ എന്നിവർ പങ്കെടുത്തു.