ov

പാലക്കാട്: ഭാരതപ്പുഴയെയും സാഹിത്യത്തെയും കോർത്തിണക്കി ബഡ്ജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി സർക്യൂട്ട് പദ്ധതി ജില്ലയ്ക്ക് പുതിയ ടൂറിസം സാദ്ധ്യതകളിലേക്ക് വഴിതുറക്കുന്നു. വിനോദ സഞ്ചാരത്തെ സാഹിത്യ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന പദ്ധതി വഴി ജില്ല ടൂറിസ്റ്റ് ഹബായി മാറും.

തുഞ്ചത്തെഴുത്തച്ഛൻ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരുടെ ജീവിതവും സാഹിത്യവും പുതിയ തലമുറയ്ക്ക് പഠിക്കാനും അതിലൂടെ സംസ്‌കാരത്തെ അറിയാനും വഴിയൊരുക്കുന്നതോടൊപ്പം നിളാതീരത്തെ സാംസ്‌കാരിക പൈതൃകവും കോർത്തിണക്കുന്നതാണ് പദ്ധതി. തിരൂർ തുഞ്ചൻ സ്മാരകം, തസ്രാക്ക്, പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയാണ് പദ്ധതി.

അതത് എം.എൽ.എമാർ, ടൂറിസം വകുപ്പ്, ഹരിത മിഷൻ എന്നിവയുമായി ചേർന്നാണ് നടത്തിപ്പ്. രണ്ട് പദ്ധതികൾക്കായി 50 കോടിയാണ് നീക്കിവച്ചത്. തസ്രാക്ക്, എം.ടിയുടെ ജന്മനാടായ കൂടല്ലൂർ തുടങ്ങി ചരിത്രവും കഥകളുമുറങ്ങുന്ന തീരം സാഹിത്യ ടൂറിസത്തിന് ഏറെ സാദ്ധ്യത എന്നും തുറന്നിരുന്നു.

കൊടുമ്പിലെ തസ്രാക്കിൽ നിന്ന് തുടങ്ങി ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല വഴി തിരൂർ തുഞ്ചൻ പറമ്പിൽ അവസാനിക്കുന്ന യാത്രയാണ് ഇതിൽ വിഭാവനം ചെയ്യുന്നത്. പറയിപെറ്റ പന്തിരുകുലത്തിന്റെ നാടായ തൃത്താല, കൂനത്തറ കവളപ്പാറ, വരിക്കാശേരി മന, രായിരനെല്ലൂർ മല, കിള്ളിക്കുറിശി മംഗലം എന്നിവയും ഈ സർക്യൂട്ടിൽ ഉൾപ്പെടും.